സ്വർണ കള്ളക്കടത്ത് ബന്ധം; ഡിവൈഎഫ്ഐ നേതാവ് സജേഷിനെ പുറത്താക്കി

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്ഐ നടപടി സ്വീകരിച്ചത്.

Update: 2021-06-26 14:19 GMT

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരേ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ സെക്രട്ടറി എം ഷാജർ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്ഐ നടപടി സ്വീകരിച്ചത്. താന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം.

സിപിഎമ്മിന്‍റേയും സർക്കാരിന്‍റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി. അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചത്.

അതേസമയം അർജുൻ ആയങ്കിയെ തള്ളി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ രം​ഗത്തുവന്നെങ്കിലും അതിന് പിന്നാലെ ഷാജറും ആയങ്കിയും ഒരുമിച്ചുള്ള പാർട്ടി പരിപാടിയിലെ ഫോട്ടോ പുറത്തുവന്നു. ഇത്തരക്കാരുമായി ബന്ധമുള്ള ആരും സംഘടനയിൽ ഉണ്ടാകില്ലെന്നാണ് ഷാജർ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.