സിപി ജലീലിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഐ മാവോയിസ്റ്റ്

വക്താവ് ജോഗിയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവന തപാല്‍ മുഖേനയാണ് തേജസ് ന്യൂസിനു ലഭിച്ചത്

Update: 2019-03-27 07:31 GMT

കോഴിക്കോട്: വൈത്തിരിയിലെ മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കൊലപാതകം ഭരണകൂടം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി. വക്താവ് ജോഗിയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവന തപാല്‍ മുഖേനയാണ് തേജസ് ന്യൂസിനു ലഭിച്ചത്. വൈത്തിരി സംഭവത്തിനുശേഷം ഇതാദ്യമായാണ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടെ പ്രസ്താവന പുറത്തുവരുന്നത്. പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. 2019 മാര്‍ച്ച് 6ന് ഭക്ഷണം തേടിയെത്തിയ കമ്മ്യുണിസ്റ്റ് വിപ്ലവകാരികളെ കേരള സര്‍ക്കാരിന്റെ നരഭോജി സേന ആസൂത്രിതമായി ആക്രമിക്കുകയും സഖാവ് ജലീലിനെ കൊലപ്പെടുത്തുകയും ചെയ്ത നടപടി മാപ്പര്‍ഹിക്കാത്തതാണ് എന്ന് തുടങ്ങുന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.



    സിപിഎം ക്രിമിനല്‍ സംഘത്തലവന്‍ പിണറായി വിജയന്റെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ബെഹ്‌റയുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന ഭീകര പ്രവര്‍ത്തനത്തിന് അറുതിവരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. വിമത ശബ്ദങ്ങളെയും വിയോജിപ്പുകളെയും കൊന്നൊടുക്കിക്കൊണ്ട് നേരിടുന്ന മോദിയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണിക്കല്‍ ഫാഷിസ്റ്റ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് കേരള സര്‍ക്കാറിനും ഉള്ളത്. വിപ്ലവകാരികളെ നേരിടുന്നതിലും ജനകീയ സമരങ്ങളെ തച്ചുതകര്‍ക്കുന്നതിലും സാമ്രാജ്യത്വ വികസന പദ്ധതികളുടെ നിര്‍വഹണത്തിലും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ ബി ടീമാവുകായാണ് കേരള സര്‍ക്കാരെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
   
    ജലീലിന്റെ പ്രവര്‍ത്തനങ്ങളും ജീവിത സാഹചര്യങ്ങളും പ്രസ്താവന എടുത്ത് പറയുന്നു. സിപി ജലീല്‍ 2015 മുതല്‍ സിപിഐ മാവോയിസ്റ്റിന്റെ ജനകീയ സേനയിലെ അംഗവും ഏരിയാ കമ്മിറ്റി അംഗവുമാണെന്നും പ്രസ്താവനയില്‍ സ്ഥിരീകരിക്കുന്നു. ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, ഓപറേഷന്‍ അനാക്കോണ്ടയെ പരാജയപ്പെടുത്തുക, തണ്ടര്‍ബോള്‍ട്ട് സേനയ്‌ക്കെതിരേ ജനങ്ങള്‍ പ്രതിരോധിക്കണമെന്ന ആഹ്വാനവുമായാണ് പ്രസ്താവന അവസാനിക്കുന്നത്. മാര്‍ച്ച് 16നാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നാണ് കുറിപ്പിലുള്ളത്.




Tags:    

Similar News