നെതര്‍ലന്‍ഡ്‌സില്‍ ആഗസ്ത് 1 മുതല്‍ ബുര്‍ഖ നിരോധനം; ലംഘിക്കുന്നവര്‍ക്ക് 168 ഡോളര്‍ പിഴ

ബുര്‍ഖ നിരോധനത്തെ ഡച്ച് സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയായ ദി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എതിര്‍ത്തിരുന്നു. ജനങ്ങള്‍ പൊതു ഇടങ്ങളില്‍ മുഖം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വകുപ്പുകള്‍ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഉണ്ടെന്നായിരുന്നു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വാദം.

Update: 2019-07-18 12:30 GMT

ബ്രസ്സല്‍സ്: നെതര്‍ലന്‍ഡ്‌സില്‍ ബുര്‍ഖ നിരോധിച്ചു കൊണ്ടുള്ള നിയമം ആഗസ്ത് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌കൂളുകള്‍, പൊതു വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിനാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ 168 യുഎസ് ഡോളര്‍ പിഴ ചുമത്തുമെന്നും ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുര്‍ഖ ധരിക്കുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്കും പൊതു വാഹനങ്ങളിലെ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡച്ച് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നവരെ പോലിസ് കസ്റ്റഡിയിലെടുക്കും.

കഴിഞ്ഞ ജൂണ്‍ അവസാനത്തിലാണ് വിവാദ നിര്‍ദേശത്തില്‍ ഡച്ച് സെനറ്റര്‍മാര്‍ ഒപ്പുവച്ചത്. അതേസമയം, ബുര്‍ഖ നിരോധനത്തെ ഡച്ച് സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയായ ദി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എതിര്‍ത്തിരുന്നു. ജനങ്ങള്‍ പൊതു ഇടങ്ങളില്‍ മുഖം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വകുപ്പുകള്‍ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഉണ്ടെന്നായിരുന്നു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വാദം.

Tags:    

Similar News