ആനക്കൊമ്പ് കേസില്‍ പിടിയിലായയാളുടെ വീട്ടില്‍നിന്ന് വെടിയുണ്ടശേഖരം പിടികൂടി

Update: 2019-09-21 12:53 GMT

കണ്ണൂര്‍: ആനക്കൊമ്പ് കടത്തിനിടെ പിടിയിലായയാളുടെ വീട്ടില്‍നിന്ന് വെടിയുണ്ടശേഖരം പിടികൂടി. ഇരിട്ടിക്കു സമീപം മണക്കടവ് ചീക്കാട് നമ്പ്യാര്‍ മലയിലെ സുരേഷ് ബാബുവിന്റെ വീട്ടില്‍ നിന്നാണ് തോക്കില്‍ നിറയ്ക്കാന്‍ സൂക്ഷിച്ച 17 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. കര്‍ണാടക വനംവകുപ്പ് അറസ്റ്റ് ചെയ്ത ഇയാളുടെ വീട്ടില്‍ വനം വകുപ്പും പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെടിയുണ്ടശേഖരം പിടികൂടിയത്. കര്‍ണാടക പോലിസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബി രാഹുല്‍, ആലക്കോട് എസ്‌ഐ എം വി ഷിജു എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയിലാണ് പരിശോധന നടത്തിയത്. മണിക്കൂറുകളോളം പരിശോധന നീണ്ടുനിന്നു. കഴിഞ്ഞ ദിവസമാണ് 10 ആനക്കൊമ്പുകളും തോക്കുമായി രണ്ടു കൂട്ടാളികള്‍ക്കൊപ്പം മംഗളൂരുവില്‍ നിന്ന് സുരേഷ് ബാബു പിടിയിലായത്. തുടര്‍ന്ന് ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്. കര്‍ണാടക പോലിസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. പോലിസ് ഇവ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കു സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷറഫുദ്ദീന്‍, സുരേഷ്, ഷാജി എന്നിവരും കൂടെയുണ്ടായിരുന്നു.



Tags:    

Similar News