കോഴിക്കോട്ട് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഉപേക്ഷിച്ചത് ആറു മാസം മുമ്പെന്ന് സംശയം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നേപ്പാള്‍ വഴിയും ക്രിമിനല്‍-ഹിന്ദുത്വ സംഘങ്ങള്‍ ആയുധങ്ങള്‍ കള്ളക്കടത്തായി കൊണ്ടുവരാറുണ്ട്. നിരവധി സംഘപരിവാര നേതാക്കള്‍ തോക്കുകളുമേന്തിയുള്ള ഫോട്ടോകള്‍ നിരവധി തവണ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ശരിയായ അന്വേഷണം നടത്താനോ കേസെടുക്കാനോ പോലിസ് തയ്യാറാവാത്തതാണ് ഇത്തരം ദുരൂഹ സംഭവങ്ങള്‍ക്ക് വളമാകുന്നതെന്നാണ് ആക്ഷേപം.

Update: 2022-05-12 14:12 GMT

കോഴിക്കോട്: ദേശീയപാത ബൈപ്പാസിന് സമീപം തൊണ്ടയാട് നെല്ലിക്കോട്ട് ഒഴിഞ്ഞപറമ്പില്‍നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ ആറുമാസം മുമ്പെങ്കിലും ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ്. ബുള്ളറ്റുകളുടെ പെട്ടിക്ക് മുകളിലുള്ള കവറുകള്‍ നശിച്ചിട്ടുണ്ട്. ബുള്ളറ്റുകള്‍ക്ക് കാലപ്പഴക്കംകൊണ്ട് ക്ലാവും പിടിച്ചിട്ടുണ്ട്.

കവര്‍ നശിച്ചതിനാല്‍ വെടിയുണ്ടകളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് വെടിവെപ്പ് പരിശീലനത്തിന് ലക്ഷ്യമായി ഉപയോഗിച്ച പ്ലൈവുഡ് ഷീറ്റ് കണ്ടെത്തിയെങ്കിലും അതിലെ ദ്വാരം വെടിയുണ്ട കൊണ്ടതല്ലെന്നാണ് പോലിസ് നിഗമനം. വട്ടത്തില്‍ മുറിച്ചെടുത്ത പ്ലൈവുഡ് ഷീറ്റ് പരിശീലനത്തിനു കൊണ്ടുവന്നതായിരിക്കാമെന്നും പോലിസ് പറഞ്ഞു.

വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തിനുസമീപം വീടുകളുള്ളതിനാല്‍ ഇവിടെ പരിശീലനം നടത്താനുള്ള സാധ്യത കുറവാണ്. നഗരത്തില്‍ മറ്റെവിടെയെങ്കിലും പരിശീലനം നടത്തിയിരുന്നോ, പുതിയകേന്ദ്രം തേടുന്നതിനിടെ പിടിയിലാവുന്നഘട്ടത്തില്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.

വാഹനങ്ങളില്‍ പലരും ഇവിടെ എത്താറുള്ളതായി സമീപവാസികള്‍ പറഞ്ഞു. സമീപത്തെ ഹോട്ടലിലേത് ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കും. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ അനില്‍ ശ്രീനിവാസനാണ് അന്വേഷണച്ചുമതല.

22 (പോയന്റ് 22) റൈഫിളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. തോക്ക് ഉപയോഗിക്കാന്‍ പഠിക്കുന്നവരാണ് ഇത് ഉപയോഗിക്കുന്നത്. ലൈസന്‍സുള്ളവര്‍ക്ക് പരമാവധി 50 വെടിയുണ്ടകളേ ലഭിക്കുകയുള്ളൂ. ഇത്രയധികം വെടിയുണ്ടകള്‍ നിയമപരമായി ഒരിടത്തുനിന്നും കിട്ടില്ല.

റൈഫിള്‍ ക്ലബ്ബുകള്‍ക്ക് ലഭിച്ചാലും അവിടെ പരിശീലിക്കാനെത്തുന്നവര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കൈമാറില്ല. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി ആരെങ്കിലും കൈവശപ്പെടുത്തിയതാവാം ഇവയെന്നാണ് കരുതുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും നേപ്പാള്‍ വഴിയും ക്രിമിനല്‍-ഹിന്ദുത്വ സംഘങ്ങള്‍ ആയുധങ്ങള്‍ കള്ളക്കടത്തായി കൊണ്ടുവരാറുണ്ട്. നിരവധി സംഘപരിവാര നേതാക്കള്‍ തോക്കുകളുമേന്തിയുള്ള ഫോട്ടോകള്‍ നിരവധി തവണ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ശരിയായ അന്വേഷണം നടത്താനോ കേസെടുക്കാനോ പോലിസ് തയ്യാറാവാത്തതാണ് ഇത്തരം ദുരൂഹ സംഭവങ്ങള്‍ക്ക് വളമാകുന്നതെന്നാണ് ആക്ഷേപം.

നായാട്ടുകാരും 22 റൈഫിളുകള്‍ ഉപയോഗിക്കാറുണ്ട്. യുകെയിലും പുണെയിലെ ഫാക്ടറിയിലും നിര്‍മിച്ച വെടിയുണ്ടകളാണ് പിടിച്ചെടുത്തവ. ഇവയ്ക്ക് കൃത്യമായി രജിസ്റ്റര്‍ സൂക്ഷിക്കുന്നതിനാല്‍ ആര്‍ക്കൊക്കെ കൈമാറി എന്ന വിവരം ലഭിക്കും. തോക്കിന്റെ ലൈസന്‍സ് നമ്പര്‍ വെച്ചുമാത്രമേ ഇവ വാങ്ങാന്‍ കഴിയൂ. പുണെയിലെ ഫാക്ടറിയില്‍നിന്നും എവിടേക്കാണ് ഇവ കൊണ്ടുപോയതെന്ന വിവരം ലഭിക്കും. കാലപ്പഴക്കം, ഏത് തോക്കില്‍ ഉപയോഗിച്ചു തുടങ്ങിയവിവരങ്ങള്‍ അറിയാന്‍ വെടിയുണ്ടകള്‍ രണ്ടുദിവസത്തിനകം കോടതിയില്‍ ഹാജരാക്കി ബാലിസ്റ്റിക് പരിശോധനയ്ക്കയക്കും.

.22(പോയന്റ് 22) റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയ്ക്ക് ഒരെണ്ണത്തിന് പരമാവധി 35 രൂപയാണ് വില. റൈഫിള്‍ ക്ലബ്ബുകള്‍ക്ക് സബ്‌സിഡിയുള്ളതിനാല്‍ 12 രൂപയ്ക്ക് ലഭിക്കും. പരമാവധി ഇരുപതുവര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയും.

Tags: