ആദായ നികുതിയിളവ് പ്രചരിപ്പിക്കുന്നതു പോലെ വലിയ സംഭവമല്ലെന്ന് വിദഗ്ധര്‍

ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ ആദായനികുതി ഇളവുകള്‍ നേട്ടമാകുന്നത് ഇടത്തരം ശമ്പളക്കാര്‍ക്കു മാത്രം. നികുതി സ്ലാബുകളില്‍ മാറ്റമൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വരുത്തിയിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-02-02 01:57 GMT

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതിയിളവ് പ്രചരിപ്പിക്കുന്നത്ര വലിയ സംഭവമല്ലെന്ന് വിദഗ്ധര്‍. ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ ആദായനികുതി ഇളവുകള്‍ നേട്ടമാകുന്നത് ഇടത്തരം ശമ്പളക്കാര്‍ക്കു മാത്രം. നികുതി സ്ലാബുകളില്‍ മാറ്റമൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വരുത്തിയിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്‌സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.

പ്രൊവിഡന്റ് ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലുള്ള നിക്ഷേപങ്ങളിലൂടെ (1.5 ലക്ഷം രൂപവരെ) 6.5 ലക്ഷം രൂപ വരെയുള്ള ശമ്പളവരുമാനത്തെ നികുതി വലയില്‍ നിന്നൊഴിവാക്കാനാകും എന്നതും മാത്രമാണ് നികുതിദായകര്‍ക്കു മെച്ചമാവുക.

ഇതു നടപ്പാകണമെങ്കില്‍ ജൂലൈയ്ക്കു മുന്‍പ് അത് ലോക്‌സഭ കൂടി പാസാക്കേണ്ടതുണ്ട്. പൊതുതിരഞ്ഞെടുപ്പിനു ശേഷം വരുന്ന കേന്ദ്ര സര്‍ക്കാരാകും ഇതില്‍ തീരുമാനമെടുക്കുക.

5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നിലവിലുള്ള 20 ശതമാനം നികുതിയില്‍ മാറ്റമില്ല. പത്തു ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുള്ളവര്‍ നിലവില്‍ നല്‍കുന്ന 30 ശതമാനം നികുതിയിലും മാറ്റമില്ല. 

Tags: