മൂന്നു വര്‍ഷത്തിനുള്ളില്‍ 400 അർധ അതിവേ​ഗ ട്രെയിനുകൾ നിർമിക്കും

16 കോച്ചുകളുള്ള ഒരു ടെയിനിനു 106 കോടി രൂപ ചെലവ് വരും. ഇതു നിലവിലുള്ള ട്രെയിന്‍സെറ്റുകളേക്കാള്‍ 25 കോടി രൂപ കൂടുതലാണ്.

Update: 2022-02-01 09:14 GMT

കൊച്ചി: മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. തദ്ദേശനിർമിതി സെമി-ഹൈ സ്പീഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിനുകളായ വന്ദേ ഭാരത്, പിഎം ഗതി ശക്തിയുടെ പദ്ധിക്കു കീഴിലാണു നിര്‍മിക്കുന്നത്. ഉരുക്കിനു പകരം ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിര്‍മിക്കുന്ന ഈ ട്രെയിനുകള്‍ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ചതാണ്.

16 കോച്ചുകളുള്ള ഒരു ടെയിനിനു 106 കോടി രൂപ ചെലവ് വരും. ഇതു നിലവിലുള്ള ട്രെയിന്‍സെറ്റുകളേക്കാള്‍ 25 കോടി രൂപ കൂടുതലാണ്. എന്നാല്‍ സ്റ്റീല്‍ നിര്‍മിത വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ ഊര്‍ജ ഉപഭോഗം കുറവായതിനാല്‍ ലാഭിക്കുന്ന പണം വളരെ കൂടുതലാണ്.

ആന്റി-കൊളിഷന്‍ സംവിധാനമുള്ള ഈ ട്രെയിനുകള്‍ 2000 കിലോമീറ്റര്‍ റെയില്‍ ശൃംഖലയെ ഉള്‍ക്കൊള്ളും. 2023 ആ​ഗസ്ത് 15-നകം 75 റൂട്ടുകളിലെങ്കിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി 44 വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ ഘട്ടം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നു വാരണാസിയിലേക്കും കത്രയിലേക്കുമാണിത്.

ഏഴ് ഗതാഗത മേഖലകളില്‍ അതിവേഗ വികസനം ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണു 400 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം. മണിക്കൂറില്‍ 160 കിലോമീറ്ററാണു ട്രെയിന്റെ പ്രഖ്യാപിത വേഗം. നിലവില്‍ 130 കിലീമീറ്ററാണു അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാല്‍ പരീക്ഷണ ഓട്ടങ്ങളില്‍ 180 കിലോമീറ്റര്‍ വേഗം വന്ദേഭാരത് കൈവരിച്ചിട്ടുണ്ട്.