റോഡരികിലിരുന്നു കച്ചവടം ചെയ്ത വൃദ്ധയുടെ മീൻ​ വലിച്ചെറിഞ്ഞു; വീണ്ടും പോലിസ് അതിക്രമം

16000 രൂപയുടെ മൽസ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു.

Update: 2021-07-30 10:49 GMT

പാരിപ്പള്ളി: റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വൃദ്ധയുടെ മീൻ പാരിപ്പള്ളി പോലിസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മൽസ്യമാണ് പോലിസ്​ നശിപ്പിച്ചത്.

ഇവർ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ പോലിസ് എത്തി കച്ചവടം നടത്തരുതെന്ന്​ വിലക്കിയിരുന്നു. എന്നാൽ തുടർന്നും കച്ചവടം നടത്തി വരികയായിരുന്നു.

ഇതെ തുടർന്ന് കഴിഞ്ഞ ദിവസം പോലിസ് എത്തി മൽസ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയിൽ നിന്നാണ് ഇവർ മൽസ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന്​ വിൽക്കുന്നത്​. 16000 രൂപയുടെ മൽസ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു.

വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പോലിസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും പോലിസ് അതിക്രമം വർധിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.