ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും;വിപഞ്ചികയുടെ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി

Update: 2025-07-23 10:13 GMT

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഭര്‍ത്താവ് നിതീഷിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തത്. നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

കഴിഞ്ഞ പത്താം തിയ്യതിയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഷാര്‍ജ അല്‍ നഹ്ദയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച് ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷിനൊപ്പം യുഎഇയിലായിരുന്നു താമസം. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.