കൊവിഡ് 19: അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരിക്കുമെന്ന് ബ്രിട്ടീഷ് പഠനം
ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയാറാക്കിയത്. 1981 ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്.
ലണ്ടന്‍: മുന്‍കരുതല്‍ നടപടികള്‍ എടുത്തിലെങ്കില്‍ കൊവിഡ് 19 മൂലം അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും മരണം സംഭവിക്കുമെന്ന് പഠന റിപോര്‍ട്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയാറാക്കിയത്. 1981 ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. നിലവില്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തിലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ക്ലബുകളും തീയറ്ററുകളും അടച്ചിടാന്‍ ബ്രിട്ടന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തുന്നത്. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറഞ്ഞു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ വിവിധ രാജ്യങ്ങളിലായി ചികില്‍സയിലുണ്ട്. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 345 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 2503 ആയി.അതേസമയം ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപാര്‍ട്ടുകള്‍.