എട്ട് നവജാത ശിശുക്കളെ കൊന്നു; 10 വധശ്രമങ്ങളും, നഴ്സ് അറസ്റ്റില്‍

Update: 2020-11-12 06:45 GMT

ലണ്ടന്‍: വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനില്‍ എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമം നടത്തുകയും ചെയ്ത നഴ്സ് അറസ്റ്റില്‍. ചെസ്റ്റര്‍ നഗരത്തിലെ ആശുപത്രിയിലെ നഴ്‌സായ ലൂസി ലെറ്റ്ബി എന്ന മുപ്പതുകാരിയെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം തവണ അറസ്റ്റിലായ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 2015 ജൂണിനും 2016 ജൂണിനുമിടയിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ കൂട്ടികളുടെ അസ്വാഭാവിക മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് നഴ്സ് കുരുക്കിലായത്. ഇവരെ 2018ലും 2019ലും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു. ഇത്തവണ കൊലക്കുറ്റം ചുമത്തി.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, 2018-ല്‍ തന്നെ സംശയത്തിന്റെ മുന ലൂസിക്കെതിരെ തിരിഞ്ഞിരുന്നു. അവരെ പൊലീസ് അന്നു തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഒരിക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 3 മില്യണ്‍ പൗണ്ട് വരെ ശേഖരിച്ച ഒരു പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച ഈ യുവതിക്കെതിരെ കാര്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അവരെ വെറുതെ വിടുകയായിരുന്നു. പിന്നീട് 2019 ലും അവരെ അറസ്റ്റ് ചെയ്‌തെങ്കിലും അതുതന്നെ സംഭവിച്ചു.അവസാനം, നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ച്ചയാണ് അവര്‍ വീണ്ടും അറസ്റ്റിലാവുന്നത്.