ഇന്ത്യയില്‍നിന്ന് അധിക വിമാനങ്ങള്‍ അനുവദിക്കാന്‍ വിസമ്മതിച്ച് ഹീത്രൂ വിമാനത്താവളം

കൊറോണ വൈറസിന്റെ നൂറിലധികം വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

Update: 2021-04-22 05:03 GMT

ലണ്ടന്‍: കൊവിഡിന്റെ അനിയന്ത്രിത വ്യാപനത്തെതുടര്‍ന്ന് കൂടുതല്‍ യാത്രകള്‍ നിരോധിച്ച സ്ഥലങ്ങളുടെ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലേക്ക് വെള്ളിയാഴ്ച രാജ്യം ചേര്‍ക്കപ്പെടുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്താന്‍ ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളം വിസമ്മതിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസിന്റെ നൂറിലധികം വകഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 'ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ബുദ്ധിമുട്ടുള്ളതും സുപ്രധാനവുമായ തീരുമാനം തങ്ങള്‍ എടുത്തിട്ടുണ്ട്.

ഇതിനര്‍ത്ഥം യുകെ അല്ലെങ്കില്‍ ഐറിഷ് നിവാസിയോ ബ്രിട്ടീഷ് പൗരനോ അല്ലാത്ത ആര്‍ക്കും കഴിഞ്ഞ 10 ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ യുകെയില്‍ പ്രവേശിക്കാനാവില്ല'-ഹാന്‍കോക്ക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്താന്‍ ഹീത്രൂ വിമാനത്താവളം വിസമ്മതിച്ചതായി ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.