കൊവിഡ് ഗുളിക 'മോൽനുപിറാവിറിന്' അംഗീകാരം നൽകി ബ്രിട്ടൻ

അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ പറയുന്നു.

Update: 2021-11-04 19:24 GMT

ലണ്ടൻ: കൊവിഡ് ചികിൽസയ്ക്കുള്ള ഗുളിക 'മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് മോൽനുപിറാവിർ' എന്ന ആന്റി വൈറൽ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം നൽകിയത്.

ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കൊവിഡ് ചികിൽസയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ പറയുന്നു. കൊവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിൽസ ലഭ്യമാക്കാമെന്നാണ് പ്രതീക്ഷ.

വികസ്വര രാജ്യങ്ങൾക്ക് 'മോൽനുപിറാവിർ' ചെലവ് കുറച്ച് ഉത‌പാദിപ്പിക്കാനും വിൽക്കാനും ലൈസൻസ് നൽകുമെന്ന് കഴിഞ്ഞ മാസം മെർക്ക് പ്രഖ്യാപിച്ചിരുന്നു. കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്.