'ബംഗാളി മുസ്‌ലിംകളെയാണ് അവര്‍ നോട്ടമിടുന്നത്'; പ്രശ്‌നമുണ്ടാക്കിയത് ബജ്‌റംഗ്ദള്‍: ബൃന്ദാ കാരാട്ട്

ബംഗാളി മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്ന കൂടുതലും. ഈ രാമനവമി ദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പക്ഷേ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Update: 2022-04-21 15:36 GMT

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് ബജ്‌റംഗ്ദളാണ്. ജാഹാംഗീര്‍പുരിയിലെ പാവപ്പെട്ട ബംഗാളി മുസ്‌ലിംകളെയാണ് അവര്‍ ഉന്നമിടുന്നതെന്നും ബൃന്ദ ആരോപിച്ചു.

ബംഗാളി മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്ന കൂടുതലും. ഈ രാമനവമി ദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പക്ഷേ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിജെപി പ്രസിഡന്റിന്റെ പരസ്യ പ്രസ്താവനക്ക് ശേഷമാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

എന്നാല്‍, ഇതിനെതിരായ ഹരജികള്‍ പരിഗണിച്ച ഹൈക്കോടതി ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ പാടില്ല തല്സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടു. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി തുടര്‍ന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനായിരുന്നു അധികൃതരുടെ നീക്കം.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കലിനെതിരേ സുപ്രിംകോടതിയില്‍ ബൃന്ദ കാരാട്ട് ഹരജി നല്‍കിയിരുന്നു. ഹനുമാന്‍ ജയന്തി ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിച്ചത്.