കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് എടപ്പാൾ പാലം ഉദ്ഘാടനം; കേസെടുക്കാതെ പോലിസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പോലിസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോയെന്നും കേസെടുത്തിട്ടുണ്ടോയെന്നുമുള്ള തേജസ് ന്യൂസ് പ്രതിനിധി ചങ്ങരംകുളം പോലിസ് സ്റ്റേഷൻ എസ്എച്ച്ഒയോട് ആരാഞ്ഞെങ്കിലും നിങ്ങൾ ബന്ധപ്പെട്ട അധികാരികളോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. എടപ്പാൾ ചങ്ങരംകുളം പോലിസ് സ്റ്റേഷൻ പരിധിയിലാണെന്നതാണ് മറ്റൊരു വസ്തുത.

Update: 2022-01-08 09:57 GMT

മലപ്പുറം: കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് എടപ്പാൾ മോൽപ്പാലം ഉദ്ഘാടനം. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിട്ടും കേസെടുക്കാൻ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദു റഹിമാൻ എന്നിവർ പങ്കെടുത്ത പാലം ഉദ്ഘാടനത്തിലാണ് പ്രോട്ടോക്കോൾ ലംഘനം നടന്നത്.

ഒമിക്രോൺ വ്യാപനസാഹചര്യത്തിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ചിട്ട മുറികളിൽ 75 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ജനുവരി 5ന് ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചത്.

എന്നാൽ ഈ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ, മുൻ മന്ത്രി കെ ടി ജലീൽ അടക്കം ആയിരത്തോളം പേർ പങ്കെടുത്ത കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ചങ്ങരംകുളം പോലിസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം പോലിസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോയെന്നും കേസെടുത്തിട്ടുണ്ടോയെന്നുമുള്ള തേജസ് ന്യൂസ് പ്രതിനിധി ചങ്ങരംകുളം പോലിസ് സ്റ്റേഷൻ എസ്എച്ച്ഒയോട് ആരാഞ്ഞെങ്കിലും നിങ്ങൾ ബന്ധപ്പെട്ട അധികാരികളോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. എടപ്പാൾ ചങ്ങരംകുളം പോലിസ് സ്റ്റേഷൻ പരിധിയിലാണെന്നതാണ് മറ്റൊരു വസ്തുത.

അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിച്ച് സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരടക്കം 200 പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു തിരൂരങ്ങാടി പോലിസ് കേസെടുത്തത്.