കൊവിഡിന്റെ വിളനിലമായി ബ്രസീല്‍; രോഗികള്‍ 20 ലക്ഷം കടന്നു

മരിച്ചവരുടെ സംസ്‌നാകാരത്തിനായി പള്ളികളില്‍ സ്ഥലമില്ലെന്നും റിപോര്‍ട്ടു പുറത്തുവരികയാണ്.

Update: 2020-07-17 15:36 GMT

ബ്രസീലിയ: ബ്രസീലില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് ബാധിച്ച രാജ്യമാണ് ബ്രസീല്‍. ഇതുവരെയുള്ള രോഗവ്യാപനകണക്ക് 20 ലക്ഷം കടന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 20,12,151 പേര്‍ക്കാണ് രോഗം പടര്‍ന്നത്. രോഗം വ്യാപിക്കുന്നതോടൊപ്പം മരണനിരക്ക് ഉയരുന്നതും ആശങ്ക ഉണര്‍ത്തുകയാണ്. മരണ സംഖ്യ മുക്കാല്‍ ലക്ഷമായെന്നാണ് റിപോര്‍ട്ട്.

ബ്രസീലിലെ ആമസോണ്‍ മേഖലയിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. മരിച്ചവരുടെ സംസ്‌നാകാരത്തിനായി പള്ളികളില്‍ സ്ഥലമില്ലെന്നും റിപോര്‍ട്ടു പുറത്തുവരികയാണ്. മൈതാനങ്ങള്‍ ഏറ്റെടുത്താണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 10 പേരുടെ വരെ സംസ്‌കാരം നടത്തേണ്ട സാഹചര്യമാണ് നിലവില്‍ ബ്രസീലില്‍. നിരവധി ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ആശുപത്രികളില്ലാത്തതും ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമവും ബ്രസീലില്‍ പ്രശ്നം രൂക്ഷമാക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ അധികം പ്രോത്സാഹിപ്പിക്കാതിരുന്ന ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോയ്ക്ക് രണ്ടാം തവണയും കൊറോണ പിടിച്ചതും ജനങ്ങളെ ഭീതിയിലാ ക്കിയിരിക്കുകയാണ്. അതേസമയം അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കൊവിഡ് അനിയന്ത്രിതമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിനം 77,000 പുതിയ അണുബാധകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മരണങ്ങളുടെ എണ്ണം ഇതേ കാലയളവില്‍ ആയിരത്തോളം വര്‍ദ്ധിച്ചു.


Tags: