ബ്രഹ്മപുരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

Update: 2023-03-13 07:24 GMT

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നിര്‍ണായകമായ ഒരു വിഷയത്തില്‍ നിയമസഭയില്‍ മന്ത്രിമാരുടെ മറുപടികള്‍ പ്രകോപനമുണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാര്‍ കമ്പനിക്ക് സര്‍ക്കാര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പടരുകയാണ്. രാവിലെ 10:53ന് അയച്ച ചിത്രം തന്റെ കൈവശമുണ്ട്. നഗരത്തില്‍ മാത്രമല്ല, മറ്റു ജില്ലകളിലേക്കും വിഷപ്പുക പടരുകയാണ്. ഇതിലൂടെ കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പറഞ്ഞതെന്നും ചോദിച്ച അദ്ദേഹം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം വരെയുണ്ടെന്നും പറഞ്ഞു. പെട്രോള്‍ ഒഴിച്ച് കത്തിച്ച കമ്പനിയെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും വേണ്ടപ്പെട്ടവരായതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തതെന്നും 12 ദിവസമായിട്ട് പ്രാഥമികാന്വേഷണം പോലും നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Tags: