മതമൈത്രി വിളിച്ചോതി തനിഷ്‌ക് പരസ്യം; പ്രകോപിതരായി സംഘപരിവാരം

ഇരു വിഭാഗത്തില്‍പെട്ട ദമ്പതികളെ കേന്ദ്രീകരിച്ചുള്ള പരസ്യം 'ലൗജിഹാദ്' പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ വിഭാഗം തനിഷ്‌ക്കിനെതിരേ ബഹിഷ്‌ക്കരണ ആഹ്വാനവുമായി മുന്നോട്ട് വന്നത്.

Update: 2020-10-12 12:11 GMT

ന്യൂഡല്‍ഹി: മതമൈത്രി വിളിച്ചോതുന്ന ടൈറ്റാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിനെതിരേ സംഘപരിവാരം. ഇരു വിഭാഗത്തില്‍പെട്ട ദമ്പതികളെ കേന്ദ്രീകരിച്ചുള്ള പരസ്യം 'ലൗജിഹാദ്' പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ വിഭാഗം തനിഷ്‌ക്കിനെതിരേ ബഹിഷ്‌ക്കരണ ആഹ്വാനവുമായി മുന്നോട്ട് വന്നത്. മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന തനിഷ്‌ക് പരസ്യത്തിനെതിരേ #BoycottTanishq എന്ന ഹാഷ് ടാഗിലാണ് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

പരസ്യം നിരോധിക്കണമെന്നും ജ്വല്ലറി ബ്രാന്‍ഡ് ബഹിഷ്‌കരിക്കണമെന്നും ഹാഷ്ടാഗ് നല്‍കി 17,000 ത്തിലധികം പേരാണ് ട്വീറ്റ് ചെയ്തത്. ഈ മാസം ഒമ്പതിന് പുറത്തിറങ്ങിയ പരസ്യത്തില്‍ ഒരു മുസ്‌ലിം കുടുംബം തങ്ങളുടെ ഗര്‍ഭിണിയായ ഹിന്ദു മരുമകള്‍ക്കായി പരമ്പരാഗത ഹിന്ദു ബേബി ഷവര്‍ തയ്യാറാക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. പരസ്യത്തിലൂടെ ജ്വല്ലറി ബ്രാന്‍ഡ് 'ലവ് ജിഹാദിനെയും' 'വ്യാജ മതേതരത്വത്തെയും 'പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാര പ്രചാരണം.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍, ഒരു മുസ്‌ലിം കുടുംബത്തിലെ അംഗങ്ങള്‍ ഒരു മരുമകള്‍ക്കായി ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിന് ഒരുക്കങ്ങള്‍ നടത്തുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. ആദ്യമായി അമ്മയായവര്‍ക്കോ അമ്മയാവാന്‍ ഒരുങ്ങുന്നവര്‍ക്കോ സ്വര്‍ണ്ണ ആഭരണങ്ങളും ഭക്ഷണവും നല്‍കുന്നതാണ് സീമന്തം അല്ലെങ്കില്‍ വലൈകാപ്പു എന്ന് വിളിക്കുന്ന ഈ ചടങ്ങ്. ചിലയിടങ്ങളില്‍ അവരുടെ കൈകളിലും മുഖത്തും ചന്ദനം തേക്കുകയും അവളുടെ സുരക്ഷിതമായ പ്രസവത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ ഇത് ആഘോഷിക്കാറുണ്ട്.

ഹിന്ദുമുസ്‌ലിം ഐക്യം കാണിക്കുന്ന ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചതിന് മുമ്പ് ഒരു സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരേയും സംഘപരിവാരം സൈബര്‍ ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News