അതിര്‍ത്തിയിലെ വെടിവയ്പ്: മിസോറം എംപിക്കെതിരായ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി
എന്നാല്‍ മിസോറം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത കേസ് തുടരും.
ന്യൂഡല്‍ഹി: അസം-മിസോറം അതിര്‍ത്തിയിലെ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ മിസോറം എംപി വന്‍ലല്‍ വേനക്കെതിരേ അസം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.
എന്നാല്‍ മിസോറം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത കേസ് തുടരും. അസം പോലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എംപിക്കെതിരേ കേസ് എടുത്തത്. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരേ മിസോറാം സര്‍ക്കാര്‍ എടുത്ത ക്രിമിനല്‍ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കില്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ അസമിലെ ഉദ്യേഗസ്ഥര്‍ക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അസം മിസ്സോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പോലിസ് ഉദ്യോഗസ്ഥരാണ് വെടിയേറ്റു മരിച്ചത്.