മോദിയുടെ പേരും ചിത്രവും പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നീക്കണം; ഹരജിയില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

ഹരജിയില്‍ ഡിസംബര്‍ 23നകം കേന്ദ്രം മറുപടി നല്‍കണമെന്നും ഹരജിക്കാരന്‍ ഡിസംബര്‍ 30നകം പുനപരിശോധനാ ഹരജി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എം എസ് കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Update: 2021-12-13 15:18 GMT

മുംബൈ: പിഎം കെയേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റ് ഡീഡില്‍ നിന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും 'പ്രധാനമന്ത്രി'യുടെ പേരും ചിത്രവും നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ മറുപടി നല്‍കാന്‍ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് താനെ ജില്ലാ പ്രസിഡന്റ് സമര്‍പ്പിച്ച ഹരജിയില്‍, ഇന്ത്യയുടെ ദേശീയ ചിഹ്നവും ദേശീയ പതാകയും നീക്കം ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. ഇത് എംബ്ലങ്ങളുടേയും പേരുകളുടേയും അനുചിതമായ ഉപയോഗം തടയല്‍ നിയമം 1950 ലെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹരജിയില്‍ വിശേഷിപ്പിച്ചു.

ഹരജിയിലെ ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍, പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും അവയുടെ പവിത്രതയും പ്രാധാന്യവും നഷ്ടപ്പെടുമെന്ന് ഹരജിക്കാരനായ വിക്രാന്ത് ചവാന്‍ അവകാശപ്പെടുന്നു.