മാവോവാദി ബന്ധം: പ്രഫ. ജി എന്‍ സായിബാബയെയും അഞ്ചുപേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു

Update: 2024-03-05 06:11 GMT

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി എന്‍ സായിബാബയെയും അഞ്ചുപേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയ സംഭവത്തിലാണ് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്തുവെന്നും ആരോപിച്ച് 2014ലാണ്, അംഗപരിമിതി കാരണം വീല്‍ചെയറില്‍ കഴിയുന്ന പ്രഫ. ജിഎന്‍ സായിബാബയും അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ, പ്രതികള്‍ നിരോധിത സിപിഐ(മാവോയിസ്റ്റ്) ഗ്രൂപ്പിനായി ആര്‍ഡിഎഫ് പോലുള്ള സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നും ആരോപണം. ഇവരില്‍നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ ദേശവിരുദ്ധമാണെന്നും

    ഇലക്ട്രോണിക് ഉപകരണങ്ങള്‍ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വനമേഖലയില്‍ നക്‌സലൈറ്റുകള്‍ക്ക് അഭയം നല്‍കാന്‍ ഉദ്ദേശിച്ചുള്ള 16 ജിബി മെമ്മറി കാര്‍ഡ് സായിബാബ കൈമാറിയതായും ആരോപിച്ചിരുന്നു. 2017 മാര്‍ച്ചില്‍ നടത്തിയ വിചാരണയില്‍ യുഎപിഎയിലെ 13, 18, 20, 38, 39, ഐപിസി 120ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചു. പ്രതികളിലൊരാളായ പാണ്ഡു പോരാ നരോട്ടെ 2022 ആഗസ്തില്‍ മരണപ്പെട്ടു. മഹേഷ് ടിര്‍ക്കി, ഹേം കേശ്വദത്ത മിശ്ര, പ്രശാന്ത് രാഹി, വിജയ് നാന്‍ ടിര്‍ക്കി എന്നിവരാണ് മറ്റ് പ്രതികള്‍. 2022ല്‍ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ റദ്ദാക്കി. യുഎപിഎയുടെ സെക്ഷന്‍ 45(1) പ്രകാരമുള്ള കേസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്യുരയും പുനര്‍വിചാരണ നടത്താന്‍ ബോംബെ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. മുന്‍ വിധിയില്‍ സ്വാധീനം ചെലുത്താതെ മുന്‍വിധികളില്ലാതെ കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹൈക്കോടതി മുന്നോട്ടുപോവണമെന്നും സുപ്രിംകോടതി ഊന്നിപ്പറഞ്ഞിരുന്നു.

Tags:    

Similar News