പീഡനക്കേസില്‍ ഹൈക്കോടതി ഇടപെടല്‍; ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി നാളെ രക്തസാമ്പിള്‍ നല്‍കണം

ഡിഎന്‍എ പരിശോധനയ്ക്കായി നാളെ രക്തസാംപിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാഫലം സമര്‍പ്പിക്കണം. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Update: 2019-07-29 08:30 GMT

മുംബൈ: ബിഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നാളെ നടക്കും. ഡിഎന്‍എ പരിശോധനയ്ക്കായി നാളെ രക്തസാംപിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാഫലം സമര്‍പ്പിക്കണം. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി രക്തസാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ ഇടപെടല്‍ ബിനോയിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്.

അതേസമയം, ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരി ഹരജിയില്‍ ആരോപിക്കുന്നത്. യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും മൊഴികളിലെ വൈരുധ്യവും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയ് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നു. യുവതി കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പീഡനക്കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Tags:    

Similar News