വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയ കേസ്; ആര്‍എസ്എസ് കാര്യവാഹക് റിമാന്റില്‍
പോലിസും ബോംബുസ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിരുന്നു. ഏഴ് വടിവാളുകളും, ഒരു മഴുവും, ഒരു ഇരുമ്പ് കമ്പിയും, ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
തളിപ്പറമ്പ്(കണ്ണൂര്‍): വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിതെറിച്ച് മകനടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്ക് പറ്റിയ കേസിലെ പ്രതി ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവിനെ കോടതി റിമാന്റ് ചെയ്തു. ഏപ്രില്‍ 12 വരെ പ്രതിയെ റിമാന്റില്‍ വിട്ടത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ആര്‍എസ്എസ് നേതാവ് ഇന്നുച്ചയോടെ തളിപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), അയല്‍വാസി ശിവകുമാറിന്റെ മകന്‍ ഖജന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു. ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്‌ഫോടനത്തില്‍ പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കല്‍ കോളജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പോലിസും ബോംബുസ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിരുന്നു. ഏഴ് വടിവാളുകളും, ഒരു മഴുവും, ഒരു ഇരുമ്പ് കമ്പിയും, ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
വീടിന്റെ വശത്തെ ചായ്പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍. കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.