പയ്യന്നൂരിൽ ആർഎസ്എസ് നേതാവിൻ്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം

പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജ് കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലക്കാടിൻ ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്

Update: 2022-01-30 07:34 GMT

കണ്ണൂർ: പയ്യന്നൂർ കാങ്കോലിലെ ആലക്കാട് ആർഎസ്എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്​ഫോടനം. ബോംബ്​ നിർമാണത്തിനിടയിലാണ്​ സ്ഫോടനമെന്നാണ്​ സൂചന. സംഭവത്തെത്തുടർന്ന്​ പോലിസ്​ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഞായറാഴ്​ച ഫോറൻസിക്​ വിദഗ്​ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന്​ പെരിങ്ങോം പോലിസ്​ അറിയിച്ചു.

തെളിവുകളൊക്കെ നശിപ്പിച്ചതായാണ്​ വിവരം. പരിക്കേറ്റ നേതാവിനെ സംഭവസ്ഥലത്ത് നിന്ന്​ അജ്​ഞാത കേന്ദ്രത്തിലേക്ക്​ ചികിൽസക്കായി മാറ്റിയതായും വിവരമുണ്ട്​. സംഭവത്തിൽ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന്​ സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജ് കൊലപാതക കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലക്കാടിൻ ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നും പരിക്കേറ്റതിനെ തുടർന്ന്​ പുറമെനിന്ന്​ എത്തിയ വാഹനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സിപിഎം പറഞ്ഞു.

നാടിന്റെ സമാധാനം തകർക്കാനും അക്രമം നടത്താനും ആർഎസ്എസ് കോപ്പുകൂട്ടുകയാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. നേരത്തേയും ബിജുവിന്റെ വീടിന് പരിസരത്ത് നാടൻ ബോംബ് പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ബിജുവിന്റെ അമ്മയ്ക്കാണ് പരിക്കേറ്റിരുന്നത്.