എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: രണ്ടു സിപിഎമ്മുകാര്‍ അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകരായ കണ്ടേരിയിലെ ഹിബാ മന്‍സിലില്‍ സി കെ അനീസ് (32), സുബൈദ മന്‍സിലില്‍ ടി പി നജീബ് (28) എന്നിവരെയാണ് കൂത്തുപറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ കെ വി സ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികള്‍ ഒളിവിലാണ്.

Update: 2020-02-14 15:45 GMT

കണ്ണൂര്‍: കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ കണ്ടേരിയിലെ ഹിബാ മന്‍സിലില്‍ സി കെ അനീസ് (32), സുബൈദ മന്‍സിലില്‍ ടി പി നജീബ് (28) എന്നിവരെയാണ് കൂത്തുപറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ കെ വി സ്മിതേഷ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികള്‍ ഒളിവിലാണ്.

ജനുവരി 20ന് അര്‍ധരാത്രിയോടെയാണ് കണ്ടേരിക്കടുത്ത നെടിയേരിയിലെ നൗഫലിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.എസ്ഡിപിഐ.പ്രവര്‍ത്തകനായ നൗഫലിനെ ലക്ഷ്യം വച്ചായിരുന്നു വീടിന് നേരെ ആക്രമണമുണ്ടായത്. നൗഫലിന്റെ പിതാവ് ടി കെ അലവി കൂത്തുപറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസികളായ സി കെ അനീസ്, ടി പി നജീബ് എന്നിവര്‍ അറസ്റ്റിലാകുകയായിരുന്നു. സമീപത്ത് സ്ഥാപിച്ച സി.സിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനാണ് ബോംബേറ് ഉണ്ടായതെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.

Tags:    

Similar News