ബുദൂര്‍ അല്‍ഖാസിമിയുടെ 'വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍' ഗ്രന്ഥവരുമാനം ഗസ ലൈബ്രറികള്‍ക്ക്

ഇസ്രായേലി ആക്രമണത്തില്‍ ഗസ മുനമ്പില്‍ തകര്‍ന്നുതരിപ്പണമായ അനേകം ലൈബ്രറികളും വിദ്യാലയങ്ങളും ഈ മഹത്തായ നീക്കം വഴി പുനരുജ്ജീവിക്കപ്പെടും.

Update: 2021-05-24 15:16 GMT

ഷാര്‍ജ: ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന ഫലസ്തീനിലെ ഗസയിലെ ലൈബ്രറികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കാന്‍ സഹായഹസ്തവുമായി ഇന്റര്‍നാഷനല്‍ പബ്ലിഷേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രസിഡന്റും യുഎഇ ആസ്ഥാനമായ കലിമത് ഗ്രൂപ് (കെജി) സ്ഥാപകയും സിഇഒയുമായ ബുദൂര്‍ അല്‍ഖാസിമി രംഗത്ത്. 'വേള്‍ഡ് ബുക് ക്യാപിറ്റല്‍' എന്ന പേരിലുള്ള തന്റെ ഏറ്റവും പുതിയ ബാലസാഹിത്യത്തില്‍ നിന്നുള്ള വരുമാനമാണ് സംഭാവനയായി നല്‍കുകയെന്ന് അവര്‍ ട്വീറ്റില്‍ പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ മറികടന്ന് പുസ്തകങ്ങളിലേക്കും വിജ്ഞാനത്തിലേക്കും കുരുന്നുകളെ ആകര്‍ഷിക്കാന്‍ ഇത് സഹായിക്കും.

ലോകമെങ്ങുമുള്ള ഗ്രന്ഥശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബുദൂര്‍ അല്‍ഖാസിമിയുടെ ഏറ്റവും പുതിയ നീക്കമാണിത്. ഇസ്രായേലി ആക്രമണത്തില്‍ ഗസ മുനമ്പില്‍ തകര്‍ന്നുതരിപ്പണമായ അനേകം ലൈബ്രറികളും വിദ്യാലയങ്ങളും ഈ മഹത്തായ നീക്കം വഴി പുനരുജ്ജീവിക്കപ്പെടും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന 12ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ 'വേള്‍ഡ് ബുക് ക്യാപിറ്റല്‍' സമാരംഭിച്ച് സംവദിക്കുമ്പോഴാണ് ബുദൂര്‍ അല്‍ഖാസിമി ഇക്കാര്യം വ്യക്തമാക്കിയത്.

പുസ്തകമേളയ്ക്ക് എത്തുന്ന കുരുന്നുകള്‍ക്കായി അവര്‍ ഒരു പുസ്തകം വായിച്ചു. ഡെനിസ് ഡെമാന്റിയുടെ അത്യാകര്‍ഷക ഇലക്‌ട്രേഷനുകളോടെ ലൈബ്രറി ശൈലിയിലാണ് മനോഹരമായി ഗ്രന്ഥാവതരണ പരിപാടി നടത്തിയത്. ഓരോ വര്‍ഷവും ഓരോ നഗരങ്ങളെയാണ് യുനെസ്‌കോ വേള്‍ഡ് ബുക് ക്യാപിറ്റലിനായി തിരഞ്ഞെടുക്കുന്നത്. 2001ല്‍ ആരംഭിച്ച ലോക ഗ്രന്ഥ തലസ്ഥാന സംരംഭത്തില്‍ ഉള്‍പ്പെട്ട നഗരങ്ങളെ അറിയാന്‍ ചടങ്ങില്‍ അവസരമൊരുക്കിയിരുന്നു. കലിമത് പബ്ലിഷിങ് അറബിയിലും ഇംഗ്ലീഷിലുമാണ് ബുദൂറിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    

Similar News