കണ്ണിലൂടെയും മൂക്കിലൂടെയും രക്തം വരുന്നു; അതി രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ പൊറുതിമുട്ടി ബാങ്കോക്ക്

അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഭീതിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.

Update: 2019-02-04 09:59 GMT
ബാങ്കോക്ക്: അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ് തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്ക്. രൂക്ഷമായ അന്തരീക്ഷ മലിനീകരണവും കനത്ത പുകമഞ്ഞും തലസ്ഥാന വാസികള്‍ക്കിടയില്‍ വന്‍ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ബാങ്കോക്കിലെ അന്തരീക്ഷവായുവിന്റെ നിലവാരം മോശം അവസ്ഥയിലാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തലസ്ഥാനത്ത് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ അസുഖങ്ങളാല്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദിവസങ്ങള്‍ക്കിടെ ഉണ്ടായിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഭീതിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.


രക്തമിറങ്ങിയ കണ്ണുകളുടെ ചിത്രങ്ങളാണ് പലരും പങ്കുവച്ചത്. മൂക്കിലൂടെ രക്തംവരുന്ന അവസ്ഥയുണ്ടെന്നും ചിലര്‍ പരാതിപ്പെടുന്നു. തലസ്ഥാനത്തിനു ചുറ്റുമുള്ള 41 പ്രദേശങ്ങളില്‍ മലിനീകരണതോത് ഭീതിദമായി ഉയര്‍ന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു.

മലിനീകരണവുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളാണ് സാമൂഹിക മാധ്യമങ്ങളിലെങ്ങും. വീടിനു വെളിയിലിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മലിനീകരണത്തോത് പരിധിവിട്ടതോടെ തായ് തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കത്തിക്കുന്നതിനും വിലക്കുണ്ട്.

Tags: