അഫ്ഗാനിസ്താനില്‍ പള്ളിയില്‍ ബോംബ് സ്‌ഫോടനം; 62 പേര്‍ കൊല്ലപ്പെട്ടു

Update: 2019-10-18 18:47 GMT

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 36ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലെ ഹസ്‌കാ മേന ജില്ലയില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് ഒന്നിലേറെ തവണ ബോംബ് സ്‌ഫോടനമുണ്ടായത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും പ്രവിശ്യാകൗണ്‍സില്‍ അംഗം സൊഹ്‌റബ് ഖാദിരി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

    


    ഉഗ്രസ്‌ഫോടനമുണ്ടായപ്പോള്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണെന്നും സംഭവസമയം 350ഓളം വിശ്വാസികള്‍ അകത്തുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പള്ളി സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ വക്താവ് സദീഖ് സിദ്ദീഖി പറഞ്ഞു. പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നുവെന്നും താലിബാനും അവരുടെ കൂട്ടാളികളുടെ പള്ളിയിലെത്തിയ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സപ്തംബര്‍ 31 വരെ അഫ്ഗാനിസ്താനിലുണ്ടായ ആക്രമണങ്ങളില്‍ 1174 പേര്‍ കൊല്ലപ്പെടുകയും 3139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.




Tags:    

Similar News