കര്‍ഷകസമര നേതാവ് രാകേഷ് ടികായത്തിന് നേരേ ആക്രമണം, കറുത്ത മഷിയെറിഞ്ഞു; മൂന്നുപേര്‍ കസ്റ്റഡിയില്‍ (വീഡിയോ)

Update: 2022-05-30 13:29 GMT

ബംഗളൂരു: കര്‍ഷക സമര നേതാവ് രാകേഷ് ടികായത്തിന് നേരേ ആക്രമണം. ബംഗളൂരുവിലെ ഗാന്ധിഭവനില്‍ കര്‍ഷക സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കര്‍ഷക സമരത്തിന്റെ മുന്‍നിര പോരാളിയും ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവുമായ രാകേഷ് ടികായത്തിന് നേരേ ആക്രമണം നടത്തിയത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരുസംഘം ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വരികയും മൈക്ക് ഉപയോഗിച്ച് ആക്രമിക്കുകയും മഷി എറിയുകയുമായിരുന്നു. 'മോദി, മോദി' എന്ന് മുദ്രാവാക്യം വിളിച്ചാണ് ആക്രമണം നടത്തിയത്.

തലപ്പാവിലും മുഖത്തും കുര്‍ത്തയിലും കഴുത്തില്‍ പച്ച ഷാളിലുമെല്ലാം കറുത്ത മഷി പുരണ്ടു. ഇതിനു പിന്നാലെ സംഘാടകരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇരുവിഭാഗവും പ്ലാസ്റ്റിക് കസേരകള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കര്‍ഷക സമരം തടയാന്‍ കൈക്കൂലി വാങ്ങിയെന്ന കര്‍ണാടക സംസ്ഥാന കര്‍ഷക നേതാവ് കോടിഹള്ളി ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ടികായത്ത് ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത് ഇരുന്ന ബികെയു നേതാവ് യുധ്വീര്‍ സിങ്ങിന് നേര്‍ക്കും അക്രമികള്‍ കറുത്ത മഷി പ്രയോഗിച്ചു.

ടികായത്തിന്റെ തലയിലും ചെറിയ പരിക്കുണ്ട്. സംഭവത്തെത്തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ആക്രമണം നടത്തിയതെന്ന് ടികായത്ത് ആരോപിച്ചു. ഇവിടെ ലോക്കല്‍ പോലിസ് ഒരു സുരക്ഷയും നല്‍കിയിട്ടില്ല. ഇത് സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തെ 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ച രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) അക്രമികള്‍ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 'ബംഗളൂരുവില്‍ ബികെയു ദേശീയ വക്താവ് രാകേഷ് ടികായത്തിനോട് മോശമായി പെരുമാറിയത് ലജ്ജാകരമാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍തന്നെ കര്‍ശന നടപടി ഉറപ്പാക്കണം- ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരി പ്രസ്താവനയില്‍ പറഞ്ഞു. ഇത് അപലപനീയമായ പ്രവൃത്തിയാണ്. എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ ആളുകള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു.

Tags:    

Similar News