കുറ്റിയാടിയിലെ കലാപാഹ്വാന പ്രകടനം: നൂറോളം ബിജെപിക്കാര്‍ക്കെതിരേ കേസ്

BJP's Riot performance Kuttiyadi: Case against 100 BJP workers

Update: 2020-01-14 15:35 GMT

കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം നല്‍കി ബിജെപി റാലി നടത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. 100ഓളം പേര്‍ക്കെതിരേയാണ് കേസ്. കലാപത്തിന് ശ്രമിക്കല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് കുറ്റിയാടി സിഐ പറഞ്ഞു.

    പൗരത്വ നിമയവുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗങ്ങള്‍ നാട്ടുകാര്‍ ബഹിഷ്‌ക്കരിച്ചതില്‍ കലിപൂണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊലവിളിയോടെ പ്രകടനം നടത്തിയത്. 'ഗുജറാത്ത് ഓര്‍മയില്ലേ' എന്ന് ചോദിച്ചായിരുന്നു ബിജെപി പ്രകടനം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. 'രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്' എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ 'ഓര്‍മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ'എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്.

    പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ചില സംഘടനകള്‍ ബിജെപിക്കെതിരേ പോലിസില്‍ പരാതി നല്‍കി. ബിജെപിയുടെ പൊതുയോഗം തുടങ്ങുന്നതിന് മുമ്പേ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചിരുന്നു. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറുകയും പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.


Tags:    

Similar News