ബംഗ്ലാദേശില്‍ നിന്നു അനധികൃത കുടിയേറ്റം: അറസ്റ്റിലായത് ബിജെപി നേതാവ്

Update: 2021-02-20 18:52 GMT

മുംബൈ: ബംഗ്ലാദേശില്‍നിന്നു അനധികൃതമായി കുടിയേറി താമസിച്ചതിനു ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. വ്യാജ രേഖ ചമച്ച് ഇന്ത്യയില്‍ താമസിച്ചതിനാണ് റൂബല്‍ ഷെയ്ക്ക് എന്നയാളെ ഈ മാസം ആദ്യം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് പോലിസ് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇയാള്‍ ബിജെപിയുടെ വടക്കന്‍ മുംബൈ ന്യൂനപക്ഷ സെല്‍ മേധാവിയാണെന്നും വ്യക്തമായിട്ടുണ്ട്.

    സംഭവത്തെ ബിജെപിക്കെതിരേയുള്ള ആയുധമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) ബിജെപി അംഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ? എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ട്വീറ്റ് ചെയ്തത്. 'വടക്കന്‍ മുംബൈ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ തലവന്‍ ബംഗ്ലാദേശിയാണ്. ഇതാണോ സംഘ് ജിഹാദ്? എന്ന് ഞങ്ങള്‍ ബിജെപിയോട് ചോദിക്കുകയാണ്. ബിജെപിക്കാര്‍ക്കായി സിഎഎയ്ക്ക് കീഴില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടോ? രാജ്യത്തിന് ഒരു നിയമം, ബിജെപിയ്ക്ക് മറ്റൊരു നിയമം എന്നാണോയെന്നു സാവന്ത് ട്വീറ്റ് ചെയ്തു. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് ബിജെപിക്കെതിരേ കടുത്ത ആക്രമണം നടത്തി.

    ബിജെപി എംപി ഗോപാല്‍ ഷെട്ടിക്കൊപ്പം റൂബല്‍ ഷെയ്ക്ക് നില്‍ക്കുന്ന ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 'ഞങ്ങളുടെ ന്യൂനപക്ഷ സെല്ലില്‍ റൂബല്‍ ഷെയ്ക്കിനെ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹം എന്നോടൊപ്പം ഒരു ഫോട്ടോയെടുത്തു. നിരവധി പേര്‍ അത് ചെയ്യുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ വ്യക്തിക്കെതിരേ നടപടിയെടുക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം ആളുകളെക്കുറിച്ച് പോലിസിനെ അറിയിക്കുമെന്ന് ഞാന്‍ തന്നെ വിവരങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അതിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു 2015ന് മുമ്പ് വന്ന അമുസ് ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് സിഎഎ. 2019 ല്‍ പാസാക്കിയ നിയമം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.

BJP Worker Arrested As Illegal Bangladeshi Immigrant

Tags:    

Similar News