ഗവര്‍ണറുടെ സ്റ്റാഫില്‍ ബിജെപി സംസ്ഥാന സമിതി അംഗത്തെ നിയമിക്കുന്നു
ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ ബിജെപി അംഗത്തെ നിയമിക്കാനൊരുങ്ങുന്നു. ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ആണ് ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത്. കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി മുൻ പത്രാധിപർ കൂടിയായ ഹരി എസ് കർത്ത.
ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.
ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനം. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിവാദങ്ങൾക്ക് കേരളം സാക്ഷിയാകേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.