ബിജെപി എംപി ശോഭ കരന്ത്‌ലാജെയുടെ 'കൊറോണ ജിഹാദ്' പരാമര്‍ശം; ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പോപുലര്‍ ഫ്രണ്ട്

നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ശോഭ കലന്ത് രാജെയ്‌ക്കെതിരേ നേരത്തെയും പോപുലര്‍ ഫ്രണ്ട് നിയമനടപടി സ്വീകരിച്ചിരുന്നു

Update: 2020-04-08 14:07 GMT

മംഗളൂരു: രാജ്യം കൊവിഡ് ഭീഷണിയില്‍ തുടരുന്നതിനിടെ 'കൊറോണ ജിഹാദ്' എന്ന് വിശേഷിപ്പിച്ച ഉഡുപ്പി ചിക്മംഗളലൂരിലെ ബിജെപി ലോക്‌സഭാ എംപി ശോഭ കരന്ത്‌ലാജെയ്‌ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചു. കൊറോണ വൈറസ് രാജ്യമെമ്പാടും പ്രചരിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു തബ് ലീഗ് സമ്മേളനത്തെ ലക്ഷ്യമിട്ട് ശോഭ കരന്ത്‌ലാജെ ആരോപിച്ചത്. കൊറോണ പടര്‍ത്തുന്ന ദുഷ്പ്രവൃത്തികള്‍ ചെയ്‌തെന്നും കൊറോണ ജിഹാദിന്റെ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നുമായിരുന്നു പരാമര്‍ശം. വിദ്വേഷം പരത്തുന്ന ഇത്തരം കുപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ഞായറാഴ്ച ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്. കേസ് ഫയല്‍ ചെയ്യാന്‍ പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടറി എ കെ അഷ്‌റഫ് പറഞ്ഞു. ഇതേക്കുറിച്ച് നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും. ജിഹാദ് എന്ന പ്രയോഗം നടത്തിയത് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണ്. ഇതുവഴി, ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്തവരെ മാത്രമല്ല, സമുദായത്തിലെ മുഴുവന്‍ പേരെയുമാണ് പ്രതികളായി ചിത്രീകരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

    നേരത്തെയും പ്രകോപനപരവും വര്‍ഗീയപരവുമായ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നേതാവാണ് ശോഭ കലന്ത് രാജെ. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നു ജാമ്യം നേടിയ ഇവര്‍ക്കെതിരേ വീണ്ടും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക വികാരം ഉയര്‍ത്തുന്നതും വ്യാജവാര്‍ത്തകളും നേരത്തേയും കരന്ത്‌ലാജെ പ്രചരിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ തബ് ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തശേഷം നിരീക്ഷണത്തിലായിരുന്ന ചിലര്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ആശുപത്രിയിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും തുപ്പുകയും ചെയ്തുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ബിജെപി എംപിയുടെ അവകാശവാദങ്ങള്‍ തള്ളി ബെലഗാവി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ബി ബൊമ്മനഹള്ളി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ ഒരിടത്തും ക്വാറന്റൈനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ തുപ്പുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    നിരന്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ശോഭ കലന്ത് രാജെയ്‌ക്കെതിരേ നേരത്തെയും പോപുലര്‍ ഫ്രണ്ട് നിയമനടപടി സ്വീകരിച്ചിരുന്നു. ഐ മോണിറ്ററി അഡൈ്വസറി(ഐഎംഎ) ഗ്രൂപ്പ് സ്ഥാപകനും കോടികളുടെ കുംഭകോണത്തിലെ പ്രധാനപ്രതിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ സംഘടനയ്ക്ക് ധനസഹായം നല്‍കിയെന്ന് ശോഭ കരന്ത്‌ലാജെ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. തുടര്‍ന്ന് കരന്ത്‌ലാജിനെതിരേ പോപുലര്‍ ഫ്രണ്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും സമര്‍പ്പിക്കാന്‍ കരന്ത് ലാജെ സമര്‍പ്പിച്ചിരുന്നില്ല.

    മാത്രമല്ല, എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരായ പരാതികള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കരന്ത്‌ലാജെയുടെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനു പിഴ ചുമത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ ആരും കുറ്റപ്പെടുത്തരുതെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കന്നഡ ചാനലായ ടിവി 9 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. മുസ്‌ലിംകള്‍ക്കെതിരേ ഒരാളും ഒരു വാക്കും പറയരുത്. ഇതൊരു മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ക്ക് ആരെങ്കിലും മുസ്‌ലിം സമൂഹത്തെ കുറ്റപ്പെടുത്തുന്നുവെങ്കില്‍, രണ്ടാമതൊന്ന് ആലോചിക്കാതെ അവര്‍ക്കെതിരേ നടപടിയെടുക്കും. അതിന് അവസരമുണ്ടാക്കരുതെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.


Tags:    

Similar News