ബിജെപി കുഴൽപ്പണ കേസ്; ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യംചെയ്യും

സികെ ജാനുവിനെ എൻഡിഎയിലേക്കെത്തിക്കാൻ പത്തു ലക്ഷം രൂപ കൈമാറിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Update: 2021-06-03 07:49 GMT

തൃശൂർ: ബിജെപി കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അന്വേഷണ സംഘം മൊഴിയെടുക്കും. പണം വന്നത് ബിജെപി നേതാക്കൾക്ക് അറിയാമായിരുന്നുവെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലിസ് നീക്കം. അതേസമയം തിരഞ്ഞെടുപ്പിലെ കള്ളപ്പണ വിനിയോ​ഗവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സികെ ജാനുവിനെ എൻഡിഎയിലേക്കെത്തിക്കാൻ പത്തു ലക്ഷം രൂപ കൈമാറിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പ്രസീത പറഞ്ഞു. സികെ ജാനു പണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസീത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിക്കുന്ന ഫോൺ സംഭാഷണമാണ് ആദ്യം പുറത്തു വന്നത്.

അതേസമയം കുഴല്‍പ്പണ കവർച്ചാ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു.