ഹിന്ദുത്വര്‍ ആക്രമിച്ച മസ്ജിദിന്റെ അറ്റകുറ്റപ്പണി ബലമായി തടഞ്ഞ് ബിജെപി എംഎല്‍എ, പോലിസുകാര്‍ക്കെതിരേ ഭീഷണി (വീഡിയോ)

പള്ളിയുടെ ശേഷിക്കുന്ന ഭാഗവും പൊളിക്കുമെന്ന് ഭീഷണി മുഴക്കുന്നതും ബിജെപി എംഎല്‍എ അഭിജീത്ത് സിങ് സങ്ക ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളിലുണ്ട്.

Update: 2021-01-27 07:00 GMT

ന്യൂഡല്‍ഹി: അടുത്തിടെ ഹിന്ദുത്വ സംഘം അതിക്രമിച്ച് കയറി നശിപ്പിച്ച മസ്ജിദിന്റെ അറ്റകുറ്റപ്പണി പോലിസിനെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ ബലമായി തടഞ്ഞു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിലെ ബിത്തൂര്‍ പ്രദേശത്താണ് സംഭവം.

പള്ളിയുടെ ശേഷിക്കുന്ന ഭാഗവും പൊളിക്കുമെന്ന് ഭീഷണി മുഴക്കുന്നതും ബിജെപി എംഎല്‍എ അഭിജീത്ത് സിങ് സങ്ക ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഈ മാസം 17നാണ് മസ്ജിദും ഇതിനോടുബന്ധിച്ചുള്ള ദര്‍ഗയും ഹിന്ദുത്വര്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇവിടെ പ്രതിമ സ്ഥാപിക്കുകയും ദര്‍ഗയ്ക്ക് കാവി നിറം നല്‍കുകയും മസ്ജിദിന്റെ മിനാരങ്ങള്‍ നശിപ്പിക്കുകയും അതിന്റെ ചുമരുകളിലൊന്ന് തകര്‍ക്കുകയും ചെയ്തിരുന്നു.

മസ്ജിദിന്റെ നശിപ്പിക്കപ്പെട്ട ഭാഗം പുനര്‍നിര്‍മിക്കുന്നതിന് പോലിസിനോട് സഹായം ആഭ്യര്‍ഥിക്കുകയും പോലിസ് അനുമതി നല്‍കുകയും ചെയ്തിരുന്നതായി കാണ്‍പൂര്‍ നഗരത്തിലെ ഖാസി ഖാരിഅ് അബ്ദുല്‍ ഖുദ്ദൂസ് കഴിഞ്ഞ ദിവസം ക്ലാരിയന്‍ ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എംഎല്‍എ എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബലമായി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ക്ഷേത്ര ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പള്ളി പണിയുന്നതെന്ന് അവകാശപ്പെട്ട് സംഘം ട്വിറ്ററില്‍ വീഡിയോ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മേഖലയില്‍ മുസ്‌ലിം ജനസംഖ്യ വളരെ കുറവായതിനാല്‍ ഈ പള്ളി പിടിച്ചെടുക്കാന്‍ നേരത്തേയും നിരവധി ശ്രമങ്ങള്‍ ഉണ്ടായതായി ഖാരിഅ് അബ്ദുല്‍ ഖുദ്ദൂസ് പറഞ്ഞു.

മുസ്‌ലിംകളുടെ അവഗണന മൂലം ഇത്തരത്തിലുള്ള നിരവധി പള്ളികള്‍ തകര്‍ച്ചയിലാണ്. എന്നാല്‍, 15 കോടിയോളം രൂപ വില വരുന്ന വന്‍ ഭൂസ്വത്ത് ഉള്ളതിനാലാണ് ഈ പള്ളി ഹിന്ദുത്വര്‍ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ജനുവരി 17ലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ സമര്‍പ്പിച്ചതായി ബിത്തൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കുശലേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

Similar News