മുസ്‌ലിംകളുടെ വോട്ടവകാശം പിന്‍വലിക്കണം; അവരെ രാജ്യത്തിന് ആവശ്യമില്ല; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Update: 2022-02-24 15:29 GMT

പട്‌ന: മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പരാമര്‍ശങ്ങളുമായി ബിജെപി എംഎല്‍എ രംഗത്ത്. മുസ്‌ലിംകളുടെ വോട്ടവകാശം പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ബിഹാര്‍ ബിജെപി എംഎല്‍എ ഹരിഭൂഷന്‍ താക്കൂറാണ് രംഗത്തുവന്നിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ അവകാശങ്ങള്‍ നല്‍കണമെന്ന എഐഎംഐഎം നേതാവ് അക്തറുല്‍ ഇമാമിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ മുസ്‌ലിം സമുദായത്തിന് പാകിസ്താന്‍ എന്ന രൂപത്തില്‍ ഒരു തുണ്ട് ഭൂമി നല്‍കി. അവര്‍ അവിടെ പോവേണ്ടതായിരുന്നു. അവരെ ഈ രാജ്യത്തിന് ആവശ്യമില്ല- താക്കൂര്‍ പറഞ്ഞു.

അവര്‍ (മുസ്‌ലിംകള്‍) ജനസംഖ്യ വര്‍ധിപ്പിക്കുകയും ഇന്ത്യയെ ഒരു മുസ്‌ലിം രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാ രാജ്യത്തെയും ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള അജണ്ട മുസ്‌ലിം നേതാക്കള്‍ക്കുണ്ട്. അത് സംഭവിക്കുകയെന്നത് നമുക്ക് അനുവദിക്കാനാവില്ല. അതിനാല്‍, അവരില്‍നിന്ന് വോട്ടവകാശം പിന്‍വലിച്ച് അവരെ രണ്ടാംതരം പൗരന്‍മാരാക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്- താക്കൂര്‍ പറഞ്ഞു. രാജ്യത്ത് അവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. 'മുസ്‌ലിം സമുദായത്തിന് ഉപയോഗിക്കുന്ന ന്യൂനപക്ഷം എന്ന പദം ഭരണഘടനയെ പരിഹസിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. അവര്‍ ന്യൂനപക്ഷങ്ങളല്ല. അവരുടെ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്- വിദ്വേഷം വമിപ്പിക്കുന്ന ഭാഷയില്‍ താക്കൂര്‍ പറയുന്നു.

താനും എഐഎംഐഎമ്മിലെ മറ്റ് അംഗങ്ങളും ബിഹാര്‍ നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും പൊതുവേദികളിലും വന്ദേമാതരം ആലപിക്കില്ലെന്ന് അക്തറുല്‍ ഇമാം നേരത്തെ പറഞ്ഞിരുന്നു. പാരമ്പരാഗതമായി ബിഹാര്‍ നിയമസഭാ സമ്മേളനങ്ങള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് ദേശീയ ഗാനത്തിലും (ജനഗണമന) ദേശീയ ഗീതത്തിലും (വന്ദേമാതരം) ആണ്. വന്ദേമാതരം പാടുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും ഇമാം വ്യക്തമാക്കിയിരുന്നു. ദേശീയ ഗാനം ആലപിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല, പക്ഷേ വന്ദേമാതരം പറയുന്നതിനോ പാടുന്നതിനോ എനിക്ക് എതിര്‍പ്പുണ്ട്. വന്ദേമാതരത്തിന് പകരം ഞാന്‍ സന്തോഷത്തോടെ 'മദാര്‍ എ വാതന്‍' എന്ന് പറയും- ഇമാന്‍ പറഞ്ഞു.

ഇസ്‌ലാം അനുവദനീയമല്ലാത്ത ഒരു തുണ്ട് ഭൂമിയെയും മറ്റും ആരാധിക്കുന്നതിന്റെ പ്രതീതിയാണ് വന്ദേമാതരം നല്‍കുന്നത്. അതിനാല്‍, ഏതെങ്കിലും വേദിയില്‍ പാടാന്‍ എനിക്ക് കഴിയില്ല. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. വിധാന്‍ സഭാനടപടികളില്‍നിന്ന് ദേശീയ ഗാനം പിന്‍വലിക്കാനുള്ള തീരുമാനം അവര്‍ക്കെടുക്കാം. ഇന്ത്യയുടെ ജനാധിപത്യം ഉറപ്പുവരുത്താന്‍ അവര്‍ എല്ലാ ജാതിയെയും മതത്തെയും ബഹുമാനിക്കണം- ഇമാം പറഞ്ഞു. വിധാന്‍സഭാ സ്പീക്കര്‍ വിജയ് സിന്‍ഹയാണ് എല്ലാ അംഗങ്ങള്‍ക്കും ഇരുസഭകളിലും ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഇത് പാലിക്കാത്തവരുടെ സഭാംഗത്വം സ്പീക്കര്‍ റദ്ദാക്കണം. എഐഎംഐഎം നേതാക്കളുടെ നിലപാട് രാജ്യത്തിന് അപമാനമാണ്. ദേശീയ ഗാനം ആലപിക്കുന്നതില്‍ അവര്‍ക്ക് എന്തിനാണ് എതിര്‍പ്പ് ?- താക്കൂര്‍ ചോദിക്കുന്നു.

Tags:    

Similar News