കോടതിയില്‍ നേരിട്ട് ഹാജരാവാതിരിക്കാന്‍ 'വ്യാജ' കൊവിഡ് സര്‍ട്ടിഫിക്കറ്റ്; യുപിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്
ലക്‌നോ: യുപിയില്‍ 'വ്യാജ' കൊവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയില്‍ ഹാജരാവാതിരുന്ന ബിജെപി എംഎല്‍എക്കെതിരേ കേസ്. ബിജെപി എംഎല്‍എ രാകേഷ് സിങ് ബഖേലിനെതിരെയാണ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുപി സന്ത് കബീര്‍ നഗര്‍ ജില്ല അതിര്‍ത്തി മണ്ഡലമായ മെന്‍ഹ്ധാവയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.
തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനംതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലിസ് അറിയിച്ചു. ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എംഎല്‍എ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയില്‍ ഹാജരായിട്ടില്ല. കോടതിയില്‍ ഹാജരാകണമെന്ന് വ്യക്തമാക്കി കോടതി വീണ്ടും വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചപ്പോഴാണ് കൊവിഡ് ബാധിതനാണെന്നറിയിച്ച് 'വ്യാജ' കൊവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്.
ഒരു സ്വകാര്യ ലാബോറട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ദീപ് കാന്ത് മണിയുടെ പ്രത്യേക കോടതിയില്‍ രാകേഷ് സമര്‍പ്പിച്ചത്. എംഎല്‍എ ഹോം ഐസലേഷനില്‍ കഴിയുകയാണെന്ന് ജില്ല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിഗോവിന്ദ് സിംഗ് കോടതിയെ അറിയിച്ചിരുന്നു, എന്നാല്‍ ഹോം ഐസലേഷന്‍ ടീം മെമ്പറായ ഡോ.വിവേക് കുമാര്‍ ശ്രീവാസ്തവ് നല്‍കിയ മൊഴി അനുസരിച്ച്, ഹോം ഐസലേഷന്‍ കാലയളവില്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. അയാളുടെ മൊബൈല്‍ വഴി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല എന്നും അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും സമാനകുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എ ഐസലേഷനില്‍ ഇല്ലാതിരുന്നിട്ട് പോലും നടപടിയെടുക്കാത്തതിനാണ് മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ കേസെടുത്തത്.
