കുഴൽപ്പണം കൊണ്ടുവന്നത് കർണാടകയിലെ ബിജെപി കേന്ദ്രത്തിൽ നിന്ന്; തൃശൂർ ജില്ലാ ഘടകത്തിൽ തർക്കം മുറുകി

വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പണം വന്നത് കർണാടകയിലെ ബിജെപി ബന്ധമുള്ള കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്തമായി.

Update: 2021-05-24 06:24 GMT

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപി സംഘടനാ സെക്രട്ടറി ഗീരീഷും ഓഫീസ് സെക്രട്ടറി എം ഗണേഷും ഇന്നലെ തൃശ്ശൂർ പോലിസ് ക്ലബിൽ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇരുവരും അസൗകര്യം അറിയിച്ചതിനാൽ രണ്ടു ദിവസത്തെ സാവകാശം അന്വേഷണ സംഘം അനുവദിച്ചു. അതേസമയം അന്വേഷണത്തെ ചൊല്ലി തൃശൂർ ജില്ലാ ഘടകത്തിൽ തർക്കം മുറുകി.

കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നുവെന്നും ആലപ്പുഴ സ്വദേശി കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദേശമെന്നും ആർഎസ്എസ് പ്രവർത്തകനും അബ്കാരിയുമായ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് എന്നിവരിൽ നിന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കർത്ത ആരെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടിസ് നൽകും.

ബിജെപി പ്രവർത്തകനും വ്യവസായിയുമായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയാണ് കർത്ത എന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നതായാണ് വിവരം. വ്യവസായികളെ ബന്ധിപ്പിച്ചുള്ള ബിജെപിയുടെ കള്ളപ്പണ കടത്തിൽ നേരിട്ട് പങ്കുള്ള മറ്റൊരു കോഴിക്കോട് സ്വദേശി ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാന നേതൃത്വത്തിലുള്ള നേതാവിന്റെ വിശ്വസ്തൻ കൂടിയാണ് ഈ കോഴിക്കോട് സ്വദേശി. 

ഇതിനിടെ, കുഴൽപ്പണക്കേസ് എൻഫോഴ്‌സ്‌മെന്‍റ ഡയറക്ടറേറ്റ് ഉടനെ ഏറ്റെടുത്തേക്കും. പണത്തിന്‍റെ ഉറവിടം അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്‍റിന് മാത്രമേ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൈമാറുക. വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പണം വന്നത് കർണാടകയിലെ ബിജെപി ബന്ധമുള്ള കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്തമായി. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് വാഹനാപകടമുണ്ടാക്കി കൊടകരയിൽ വച്ച് കാറിലുണ്ടായിരുന്ന പണം കവർന്നത്. 19 പ്രതികളെ അറസ്റ്റ് ചെയ്തു.

കുഴൽപ്പണ തട്ടിപ്പ് സംബന്ധിച്ച് ബിജെപി തൃശൂർ ജില്ലാ ഘടകത്തിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും മുറുകി. പണം തട്ടാനുള്ള നീക്കം ജില്ലാ നേതാക്കളിൽ ചിലർ അറിഞ്ഞിരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ പടലപ്പിണക്കം തുടങ്ങി. മൂന്ന് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ, പാർട്ടിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ ആർഎസ്എസിനും അമർഷമുണ്ട്. വിഷയത്തിൽ ആർഎസ്എസ് ഇടപെട്ടേക്കും. ഭാരവാഹികളെ മാറ്റി മുഖം രക്ഷിക്കണമെന്ന നിർദേശവും ഉയർന്നു.