സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ മോശം പെരുമാറ്റം; ബിജെപി നേതാക്കള്‍ക്കെതിരേ പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
തിങ്കാഴ്ച പുല്‍വാമയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികരിലൊരാളായ അജയ് കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി നേതാക്കള്‍ പാദരക്ഷകള്‍ അഴിക്കാന്‍ കൂട്ടാക്കാതിരുന്നതാണ് ബന്ധുക്കളുടെ രോഷത്തിനിടയാക്കിയത്.
ലക്‌നോ: 44 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ച പുല്‍വാമ ആക്രമണത്തിനു പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ അപമര്യാദയായി പെരുമാറിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍.
തിങ്കാഴ്ച പുല്‍വാമയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികരിലൊരാളായ അജയ് കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ ബിജെപി നേതാക്കള്‍ പാദരക്ഷകള്‍ അഴിക്കാന്‍ കൂട്ടാക്കാതിരുന്നതാണ് ബന്ധുക്കളുടെ രോഷത്തിനിടയാക്കിയത്. സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കേന്ദ്രമന്ത്രി സത്യപാല്‍ സിങ്, ഉത്തര്‍ പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്, മീറത്തില്‍നിന്നുള്ള ബിജെപി എംഎല്‍എ രാജേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ ശവദാഹം നടത്തുന്ന പ്രദേശത്ത് പാദരക്ഷകള്‍ അഴിച്ചുവയ്ക്കാന്‍ കൂട്ടാക്കാതിരുന്നതാണ് കൊല്ലപ്പെട്ട ജവാന്റെ ബന്ധുക്കളുടെ അപ്രീതിക്കിടയാക്കിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി നേതാക്കളോട് ജവാന്റെ ബന്ധുക്കള്‍ തട്ടിക്കയറുന്നതും പാദരക്ഷകള്‍ അഴിച്ചു മാറ്റാന്‍ വൈകാരികമായി ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
തുടര്‍ന്നു കൂപ്പുകൈകളോടെ നേതാക്കള്‍ ക്ഷമാപണം നടത്തുന്നതും പാദരക്ഷകള്‍ അഴിച്ചു മാറ്റുന്നതും വീഡിയോയിലുണ്ട്. മരണാനന്തര ചടങ്ങിനിടെ അഗര്‍വാളും സത്യപാല്‍ സിങും തമാശകള്‍ പറഞ്ഞ് ചിരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അജയ്കുമാര്‍ കൊല്ലപ്പെട്ടത്.