ബിജെപി നേതാവ് വിവി രാജേഷിന് രണ്ട് മണ്ഡലങ്ങളില്‍ വോട്ട്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതേ വിവാദം ഉയര്‍ന്നിരുന്നു. അന്ന് അദ്ദേഹത്തിന് മൂന്നിടത്തായിരുന്നു വോട്ടുണ്ടായിരുന്നത്.
തിരുവനന്തപുരം: ഇരട്ടവോട്ടിന്റെ പേരില്‍ ബിജെപി നേതാവും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി.
രാജേഷിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി കൈമാറി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജേഷ് മല്‍സരിച്ച സമയത്തും ഇതേ വിവാദം ഉയര്‍ന്നിരുന്നു. അന്ന് അദ്ദേഹത്തിന് മൂന്നിടത്തായിരുന്നു വോട്ടുണ്ടായിരുന്നത്. 2020 നവംബര്‍ 20ന് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.
അന്നും രാജേഷിന്റെ മൂന്നിടങ്ങളിലെ വോട്ട് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ പരാതി എത്തിയിരുന്നു. പരാതി ലഭിച്ച് നാല് മാസത്തിനുള്ളില്‍ വോട്ടിന്റെ എണ്ണം മൂന്നില്‍ നിന്ന് രണ്ടിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചിട്ടുണ്ട്.