തൃണമൂൽ എംഎല്‍എയെ വെടിവെച്ച് കൊന്ന കേസ്; കുറ്റപത്രത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും

കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്

Update: 2020-12-05 17:25 GMT
തൃണമൂൽ എംഎല്‍എയെ വെടിവെച്ച് കൊന്ന കേസ്; കുറ്റപത്രത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം എൽ എ സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ നേതാവിന്‍റെ പേരും. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായ മുകുൾ റോയിയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ സിഐഡി. ചോദ്യം ചെയ്തിരുന്നു. രണഘട്ടിലെ എസിജെഎം കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകുൾ റോയിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗൂഢാലോചനക്കുറ്റമാണ് മുകുൾ റോയിക്കെതിരേ ചുമത്തിയിരിക്കുന്നത്. മുകുൾ റോയിയെ കൂടാതെ ബിജെപി എംപി ജഗന്നാഥ് സർക്കാരിന്റെ പേരും കുററപത്രത്തിലുണ്ട്. തനിക്കെതിരേ 44 കേസുകളുണ്ട്. അതില്‍ ഒരു ആശങ്കയുമില്ല, എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മുകുൾ റോയിയുടെ പ്രതികരണം.