ആദ്യം വ്യാജവാർത്ത സൃഷ്ടിച്ച് പ്രചാരണം, പിന്നാലെ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച്; പൊറാട്ട് നാടകവുമായി ബിജെപി
അബ്ദുൽ ഹക്കീമിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഗൂഡാലോചന കേസിലെ പ്രതിക്കാണ് ജാമ്യം ലഭിച്ചതെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര മാധ്യമങ്ങളടക്കം രംഗത്തുവരികയായിരുന്നു.
പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് അഭയം നൽകിയെന്ന് കുറ്റമാരോപിക്കപ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഹക്കീമിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വ്യാജവാർത്ത പ്രചരിപ്പിച്ച് പാലക്കാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി ബിജെപി. ബുധനാഴ്ച്ച വൈകീട്ടോടെയാണ് ബിജെപിയുടെ നേതൃത്വത്തിൽ സംഘപരിവാര സംഘടനകൾ മാർച്ച് നടത്തിയത്.
മലപ്പുറം പുത്തനത്താണി സ്വദേശിയും പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവുമായ അബ്ദുല്‍ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്നതിനാണ് അബ്ദുല്‍ ഹക്കീമിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാൽ അബ്ദുൽ ഹക്കീമിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഗൂഡാലോചന കേസിലെ പ്രതിക്കാണ് ജാമ്യം ലഭിച്ചതെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര മാധ്യമങ്ങളടക്കം രംഗത്തുവരികയായിരുന്നു.
വ്യാജ വാർത്തയ്ക്ക് പിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുള്ള പ്രതി ഹക്കീമിന് ജാമ്യം ലഭിച്ചത് പോലിസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്‌ച്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപണവുമായി രംഗത്തുവന്നു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പോലിസ് പ്രതികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തതായും, പ്രതിക്ക് ജാമ്യം ലഭിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വ്യാജവാർത്തയെ കൂട്ടുപിടിച്ച് സി കൃഷ്ണകുമാർ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് പാലക്കാട് ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ചുമായി ബിജെപി രംഗത്തുവന്നത്. മാർച്ചിനിടയിൽ പോലിസും ബിജെപി പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി.
