ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് കവർച്ച: പ്രതികരിക്കാതെ സുരേന്ദ്രൻ
ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 10 കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ച ചെയ്‌ത സംഭവത്തെക്കുറിച്ച് വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി.
കൊച്ചി: കുഴൽപ്പണമായി കൊണ്ടുവന്ന പാർടി തിരഞ്ഞെടുപ്പ് ഫണ്ട് കവർച്ച ചെയ്‌തതിനെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വാർത്തയിൽ പറയുന്നത് ഒരു ദേശീയ പാർടിയുടെ ഫണ്ടാണെന്നും അത് ബിജെപിയല്ലെന്നും മാത്രമായിരുന്നു കൊച്ചിയിൽ കോർകമ്മിറ്റി യോഗശേഷം കെ സുരേന്ദ്രന്റെ പ്രതികരണം.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി കൊണ്ടുവന്ന ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 10 കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ച ചെയ്‌ത സംഭവത്തെക്കുറിച്ച് വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ദേശീയപാർടി എന്നല്ലേ മാധ്യമങ്ങൾ പറഞ്ഞത്. കുഴൽപ്പണ ഇടപാടായതിനാൽ ബിജെപി ഇഡിക്ക് പരാതി നൽകുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു മറുപടി.
അതേസമയം ഫണ്ട് വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് പരാതി നൽകി. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ മറവിൽ കള്ളക്കടത്ത് ഇടപാടാണ് നടന്നതെന്നും ഇ ഡി അന്വേഷിക്കണമെന്നുമാണ് പരാതി. ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് ഫണ്ട് പ്രത്യേക അക്കൗണ്ടിലൂടെയെ കൈമാറാവൂ. പാതിരാത്രി പണം കൊണ്ടുപോയത് കള്ളപ്പണമായതിനാലാണ്. സംസ്ഥാനത്താകെ 50കോടിയോളം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പിനായി ബിജെപി വിതരണം ചെയ്‌തതയാണറിയുന്നത്. കള്ളപ്പണമൊഴുക്ക് ജനാധിപത്യ സമ്പ്രദയാം തകർക്കുന്നതും രാജ്യദ്രോഹകരവുമാണ്. ഇതിന്റെ സ്രോതസ് കണ്ടെത്തി നടപടിക്ക് തയ്യാറാകണമെന്ന് കോഴിക്കോട് ഇഡി ഡപ്യൂടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ സലീം ആവശ്യപ്പെട്ടു.
എന്നാൽ ബിജെപി പരസ്യമായി അംഗീകരിച്ചില്ലെങ്കിലും പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. പാലക്കാടും സമാന രീതിയിൽ കവർച്ചാ നാടകം നടത്തി പണം തട്ടാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ശ്രമം പാളിയതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
