ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്;ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും ചേര്‍ന്ന് ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യം ഉയര്‍ത്തുന്നുണ്ടായിരുന്നു

Update: 2022-05-25 06:10 GMT

അമരാവതി: ആന്ധ്രപ്രദേശില്‍ ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ടവര്‍ സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ജിന്ന ടവര്‍ എ.പി.ജെ അബ്ദുല്‍ കലാം ടവറെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാര്‍ട്ടിയുടെ യുവജന വിഭാഗമായ ബിജെവൈഎമ്മിന്റെ യോഗത്തിന് ശേഷം ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജിന്ന ടവറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയെ ബിജെപി രാജ്യസഭാംഗം ജി വി എല്‍ നരസിംഹ റാവു ശക്തമായി അപലപിച്ചു.നമ്മള്‍ ആന്ധ്രയിലാണോ അതോ പാകിസ്താനിലാണോ ജീവിക്കുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ ചോദിച്ചു.

ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയുടെത് മാത്രമല്ലന്നും സംസ്ഥാനത്തെ ജനങ്ങളുടെത് കൂടിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജു പറഞ്ഞു. ജിന്നയുടെ പേര് ഒഴിവാക്കി ടവറിന് അബ്ദുല്‍ കലാമിന്റെ പേര് നല്‍കണമെന്ന ആവശ്യത്തിന് സംസ്ഥാനത്ത് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. തങ്ങളുടെ ആവശ്യത്തെ അടിച്ചമര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും വീരരാജു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും ചേര്‍ന്ന് ചരിത്ര പ്രസിദ്ധമായ ജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യം ഉയര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തയാറായിരുന്നില്ല.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാഴികക്കല്ലായാണ് ജിന്ന ടവറിനെ കണക്കാക്കുന്നത്. 1940ൽ പാകിസ്താന്‍ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ സന്ദർശനത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്മാരകം.

Tags:    

Similar News