ജമ്മുകശ്മീരില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ച് കൊന്നു

ഖാഗ് ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍(ബിഡിസി) ചെയര്‍മാന്‍ ഭുപീന്ദര്‍ സിങിനെയാണ് ബുധനാഴ്ച രാത്രി 7.45ഓടെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തിയത്

Update: 2020-09-23 16:50 GMT

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപി കൗണ്‍സിലറെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ഖാഗ് ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍(ബിഡിസി) ചെയര്‍മാന്‍ ഭുപീന്ദര്‍ സിങിനെയാണ് ബുധനാഴ്ച രാത്രി 7.45ഓടെ ഒരു സംഘം വെടിവച്ചു കൊലപ്പെടുത്തിയത്. മധ്യ കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ദാല്‍വാഷ് ഗ്രാമത്തിലാണ് സംഭവം. ബുഡ്ഗാമിലെ വീടിന് സമീപത്തുവച്ചാണ് വെടിയേറ്റതെന്നും പോലിസ് അറിയിച്ചു. നേരത്തേ വധഭീഷണിയുള്ളതു കാരണം ഭുപീന്ദര്‍ സിങിന്റെ സുരക്ഷയ്ക്കായി രണ്ട് പോലിസുകാരെ നിയോഗിച്ചിരുന്നു. ബുധനാഴ്ച ഇവരെ പോലിസ് സ്‌റ്റേഷനിലിറക്കി വീട്ടിലേക്കു പോവുന്നതിനിടെയാണ് ഭുപീന്ദറിന് വെടിയേറ്റത്. ഖാഗ് പോലിസ് സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി ഇദ്ദേഹം ശ്രീനഗറിലെ അലൂചിബാഗിലെ വസതിയിലേക്ക് പോയതായിരുന്നു. എന്നാല്‍, ഭൂപീന്ദര്‍ സിങ് തന്റെ വഴി മാറ്റി ജമ്മു കശ്മീര്‍ പോലിസിനെ അറിയിക്കാതെ ദാല്‍വാഷ് ഗ്രാമത്തിലെ തന്റെ പഴയ വീട്ടിലേക്ക് പോവുന്നതിനിടെയാണ് വെടിയേറ്റതെന്നു പോലിസ് വ്യക്തമാക്കി. താഴ്‌വരയില്‍ ഈ വര്‍ഷം ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

    ആഗസ്ത് ആറിനു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാസിഗുണ്ടിലെ വെസ്സുവില്‍ ബിജെപി സര്‍പഞ്ച് സജ്ജാദ് അഹമ്മദ് ഖാണ്ടെയെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ജൂലൈ 8ന് ബന്ദിപ്പൂരില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബാരിയും പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ആഗസ്തില്‍ ബിജെപിയുടെ ഒബിസി മോര്‍ച്ചയുടെ ബഡ്ഗാം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് നജറിനു നേരെയും വധശ്രമമുണ്ടായി. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

BJP councillor shot dead by militants outside his residence in J&K's Budgam



Tags:    

Similar News