എന്റെ മരണത്തിന് കാരണം ബിജെപിയും പോലിസും; കൊല്ലത്ത് യുവാവ് തൂങ്ങിമരിച്ചു
സാറന്‍മാര് പാവത്തിങ്ങളോട് ഇങ്ങനെ കാണിക്കുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാത്തത്. നിങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ അവര്‍ക്കെതിരേ കേസെടുത്ത് അകത്താക്കാമായിരുന്നു. എനിക്ക് കിട്ടിയ അടിയും പൊട്ടലും മാത്രം മെച്ചം.......
കൊല്ലം: ഭരണിക്കാവ് ജെ എം ഹൈസ്കൂളിന് മുന്നിൽ ദേശീയപാതയോരത്തെ മരക്കൊമ്പിൽ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹന വിലാസത്തിൽ മനു(38) ആണ് മരിച്ചത്. മനുവിന്റെ ആത്മഹത്യാ കുറിപ്പ് പിന്നാലെ കണ്ടെത്തി. ശാസ്താംകോട്ട പോലിസും ബിജെപിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര - പുത്തൂർ - തെങ്ങമം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അടുത്ത കാലത്തായി ടിപ്പർ ലോറിയിലായിരുന്നു ജോലി.
മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശാസ്താംകോട്ട പോലിസിനെതിരേയും പ്രദേശത്തെ ബിജെപി നേതൃത്വത്തിനെതിരേയും ഗുരുതരണ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. 10 വയസുള്ള മകള്‍ കളിക്കാന്‍ പോകുന്ന ഗ്രൗണ്ടില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഗ്രൗണ്ടിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ബിജെപി പ്രാദേശിക നേതൃത്വം വീട് കയറി അക്രമം നടത്തുകയും തുടര്‍ന്ന് കഴിഞ്ഞ 23 ന് ശാസ്താംകോട്ട പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ പോലിസ് ബിജെപി നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്നും മനുവിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
കള്ളക്കേസില്‍ പ്രതി ചേര്‍ത്തത് മനോവിഷമത്തിന് ഇടയാക്കിയെന്നും സംഭവത്തിന് ശേഷം നാട്ടില്‍ ഇറങ്ങിനടക്കാന്‍ കഴിയാതെയായെന്നും താന്‍ കഞ്ചാവും മയക്കുമരുന്നെന്നും ആണെന്ന് പറഞ്ഞ് നുണപ്രചാരണം നടത്തിയെന്നും ഇനി ജീവിക്കണമെന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ശാസ്താംകോട്ടയിലെ പോലിസുകാരോട് എനിക്ക് പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. സാറന്‍മാര് പാവത്തിങ്ങളോട് ഇങ്ങനെ ഒന്നും ചെയ്യരുത്. സാറന്‍മാര് പാവത്തിങ്ങളോട് ഇങ്ങനെ കാണിക്കുന്നതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാത്തത്. നിങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ അവര്‍ക്കെതിരേ കേസെടുത്ത് അകത്താക്കാമായിരുന്നു. എനിക്ക് കിട്ടിയ അടിയും പൊട്ടലും മാത്രം മെച്ചം....
സംഭവത്തില്‍ പോലിസിനെതിരേയും ബിജെപിക്കെതിരേയും ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണെങ്കിലും വേണ്ടതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

