ബിഷപ്പിന്റെ വിവാദ പ്രസ്താവന: മുഖ്യമന്ത്രി യാഥാര്‍ഥ്യം തുറന്നുപറയണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഒരു മതസമൂഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ദുരാരോപണം ഉന്നയിച്ച വിവാദ പ്രസ്താവനയോട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ചുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് അപകടകരമാണ്.

Update: 2021-09-16 07:35 GMT

കോട്ടയം: പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ അത്യന്തം സാമൂഹിക ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന സംബന്ധിച്ച യാഥാര്‍ഥ്യം തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ബിഷപ്പ് ഉന്നയിച്ചിട്ടുള്ള ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നിലവിലുണ്ടോ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ദുരൂഹത നിലനിര്‍ത്തി ലാഭമുണ്ടാക്കാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

ഒരു മതസമൂഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ദുരാരോപണം ഉന്നയിച്ച വിവാദ പ്രസ്താവനയോട് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വോട്ടുബാങ്ക് മാത്രം ലക്ഷ്യംവച്ചുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് അപകടകരമാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അനുചിതവും അവാസ്തവുമായ നിലപാട് സാമുദായിക സംഘര്‍ഷത്തിന് കാരണമാവുന്നു എന്നു ബോധ്യപ്പെട്ടിട്ടും അത് തിരുത്താന്‍ തയ്യാറാവാത്ത ബിഷപ്പിന്റെ നിലപാട് പ്രതിലോമകരമാണ്.

നിഗൂഢമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വിശ്വാസികളെ പ്രകോപിതരാക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപലപനീയമാണ്. സാമൂഹിക ശൈഥില്യം സൃഷ്ടിക്കുന്ന വിവാദ പ്രസ്താവനകള്‍ കൊണ്ട് എന്തുനേട്ടമാണുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. സംഘപരിവാരം സൃഷ്ടിച്ച സാമൂഹിക വിടവ് കൂടുതല്‍ ശക്തമാക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളൂ. ഇത് കേരളത്തിന് ഗുണകരമല്ല. സമുദായങ്ങള്‍ക്കിടയില്‍ സംശയവും സംഘര്‍ഷവും സൃഷ്ടിക്കുന്ന പ്രസ്താവനകളിലൂടെ അസ്വസ്ഥമായ ഒരു സാമൂഹിക സ്ഥിതിയായിരിക്കും തലമുറകള്‍ക്ക് സമ്മാനിക്കുക എന്ന യാഥാര്‍ഥ്യം ഇത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഇത് തിരിച്ചറിയാനും പൗരബോധത്തോടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായ സാമൂഹിക സാഹചര്യം സൃഷ്ടിക്കാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ്, ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുത്തു.

Tags: