മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം; സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച് പാലാ ബിഷപ്പ്

Update: 2021-10-02 04:29 GMT

കോഴിക്കോട്: മതേതരത്വത്തിനെതിരായ സംഘപരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. 'തുറന്ന് പറയേണ്ടപ്പോള്‍ നിശബദ്‌നായിരിക്കരുത്' എന്ന തലക്കെട്ടില്‍ ഗാന്ധിജയന്തി ദിനത്തില്‍ സഭാ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം. 'മതേതരത്വം' എന്ന ആശയം കൊണ്ട് ഹിന്ദു സമൂഹത്തിന് നഷ്ടമുണ്ടായി എന്ന് സംഘപരിവാര്‍ നിരന്തരം ഉയര്‍ത്തുന്ന വാദമാണ് പാലാ ബിഷപ്പ് ആവര്‍ത്തിച്ചിരിക്കുന്നത്.

മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് ചോദിച്ചു. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്ന ആശങ്ക ഇന്ന് നിലനില്‍ക്കുന്നു. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നാണ് പറയുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍നിന്ന് പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ലെന്നും ലേഖനത്തില്‍ ബിഷപ്പ് പരാമര്‍ശിക്കുന്നു.

തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല. മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണെന്നും ബിഷപ്പ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ പരോക്ഷമായി ന്യായീകരിക്കുന്നതാണ് പാലാ ബിഷപ്പിന്റെ ലേഖനം.

Tags: