'ഇല്ലുമിനാട്ടി ക്രൈസ്തവ വിരുദ്ധം'; വിമര്‍ശനവുമായി കൊച്ചി ബിഷപ്പ് ജോസഫ് കരിയില്‍

Update: 2024-05-25 09:32 GMT

കൊച്ചി: ഈയിടെ ഇറങ്ങിയ പ്രേമലു, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍. ആവേശം സിനിമയിലെ 'ഇല്ലുമിനാട്ടി' എന്ന ഗാനം ക്രൈസ്തവ മതത്തിനെതിരാണെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം. കുട്ടികളോട് ഇഷ്ട സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ സിനിമകളാണെന്ന മറുപടി നല്‍കിയപ്പോഴായിരുന്നു പരാമര്‍ശം. സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലില്‍ കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുവന്‍ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. മതത്തിനെതിരെയും മറ്റെല്ലാത്തിനുമെതിരേ നില്‍ക്കുന്ന സംഘടനയാണ് ഇല്യൂമിനേറ്റി. ആ സന്ദേശമാണ് അതില്‍നിന്ന് കിട്ടുന്നത്. എന്നിട്ട് അത് നല്ല സിനിമയാണെന്ന് പറഞ്ഞ് എല്ലാവരും ഇടിച്ചുകയറുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്നതിന് പകരം മഞ്ഞുമ്മല്‍ ബ്രദേഴ്‌സ് എന്ന് പ്രയോഗിച്ച ബിഷപ്പിനെ കുട്ടികള്‍ തിരുത്തുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ അവര്‍ സഹോദരങ്ങളാണെന്നും അതിനാലാണ് താന്‍ അങ്ങനെ പ്രയോഗിച്ചതെന്നുമായിരുന്നു മറുപടി. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ പോലിസും ഫയര്‍സര്‍വീസും ഒന്നും ചെയ്യാതിരുന്നപ്പോഴും അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാനായി ശ്രമിക്കുന്നത് നല്ല കാര്യം. എന്നാല്‍ അവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയ നേരം മുതല്‍ കുടിയും ഛര്‍ദ്ദിയും മാത്രമാണ്. ഈ സിനിമകള്‍ നല്ലതാണെന്ന ധാരണ പിശകാണെന്നും ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. ഈ വര്‍ഷം മലയാളം സിനിമയില്‍ നൂറ് കോടി ക്ലബ്ലില്‍ കയറിയ സിനിമകളാണ് മൂന്നും.

Tags:    

Similar News