ബിനീഷ് കോടിയേരി രണ്ടാഴ്ച റിമാന്‍ഡില്‍; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

Update: 2020-11-11 12:08 GMT

ബെംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതേത്തുടര്‍ന്ന് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്ന് കേസില്‍ നേരത്തേ അറസ്റ്റിലായ മറ്റു പ്രതികളെയും പരപ്പന അഗ്രഹാര ജയിലില്‍ തന്നെയാണു പാര്‍പ്പിച്ചിരുന്നത്.     അതിനിടെ, ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനാലാണ് നടപടി. ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മാത്രമല്ല, കോടതി നടപടികള്‍ക്ക് ഇന്‍ കാമറ പ്രൊസീഡിങ്‌സ് വേണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവര്‍ പോലും കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ബിനീഷിന്റെ ആവശ്യം കോടതി തള്ളി. കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നു കോടതി വിലയിരുത്തി. ബിനീഷ് പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കരുതെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

Tags: